കൊച്ചി: റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന 'ഗിഫ്റ്റ് ഒഫ് ലൈഫ്" പദ്ധതിയുടെ ഭാഗമായി ആയിരത്തിലധികം കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി അമൃത ആശുപത്രി.
ജന്മനാ ഹൃദ്രോഗം ബാധിച്ച കുട്ടികളുടെ ചികിത്സയ്‌ക്കും മറ്റും വഴിയൊരുക്കുന്ന ഇന്ത്യയിലെയും വിദേശത്തെയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള കോഓർഡിനേറ്റർമാരെ അമൃതയിൽ നടന്ന ചടങ്ങിൽ ആദരിച്ചു.
ചടങ്ങിൽ റോട്ടറി ക്ലബ് കൊച്ചിൻ നൈറ്റ്‌സ് പ്രസിഡന്റ് വിജയ് എബ്രഹാം, റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. ജി.എൻ. രമേഷ്, അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ, കൊച്ചി അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗം മേധാവി ഡോ. കൃഷ്ണകുമാർ, പീഡിയാട്രിക് കാർഡിയോളജി ക്ലിനിക്കൽ പ്രൊഫസർ ഡോ. ബ്രിജേഷ് എന്നിവർ പ്രസംഗിച്ചു.
ഇന്ത്യയ്‌ക്കു പുറമെ, ശ്രീലങ്ക, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നടപ്പാക്കിയ ഗിഫ്റ്റ് ഒഫ് ലൈഫ് പദ്ധതിയുടെ ദൃശ്യങ്ങളും ചടങ്ങിൽ പ്രദർശിപ്പിച്ചു.