പറവൂർ: നാല് പഞ്ചായത്തുകളുടെ വികസനത്തിനും പ്രദേശത്തെ ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കുന്ന മുസിരിസ് കോറിഡോർ യാഥ്യാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്തംഗം എ.എസ്. അനിൽകുമാർ, ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ എന്നിവർ മന്ത്രി എം.ബി. രാജേഷിന് നിവേദനം നൽകി. ചിറ്റാറ്റുകര, വടക്കേക്കര, ചേന്ദമംഗലം, പള്ളിപ്പുറം എന്നീ പഞ്ചായത്തുകളുടെ വികസനത്തിനും ഈ പ്രദേശത്തെ ടൂറിസം സാദ്ധ്യതകളെ വർദ്ധിപ്പിക്കുന്നതിനും ഇതിലൂടെ സാധ്യമാകുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.
യാത്ര എളുപ്പമാകും
നിലവിൽ മുനമ്പം കവലയിൽ നിന്ന് പടിഞ്ഞാറോട്ടുള്ള റോഡ് കുഞ്ഞിത്തൈയിലും ഒരു റോഡ് നീണ്ടൂരിലും അവസാനിക്കുകയാണ്. കുഞ്ഞിത്തൈയിൽ റോഡ് അവസാനിക്കുന്നിടത്ത് ഒരു പാലം നിർമ്മിച്ച് പള്ളിപ്പുറം പഞ്ചായത്തിലുള്ള കോൺവെന്റ് റോഡുമായി ബന്ധിപ്പിച്ചാൽ അത് മുനമ്പം - വൈപ്പിൻ സംസ്ഥാന പാതയിൽ ചെന്നുചേരും. നീണ്ടൂരിൽ അവസാനിക്കുന്ന റോഡിന് പാലം നിർമ്മിച്ച് കേവലം 100 മീറ്റർ റോഡ് കൂടി നിർമ്മിച്ചാൽ കൂട്ടുകാട് – പറവൂർ റോഡുമായി ബന്ധിപ്പിക്കുവാൻ കഴിയും. ഇത്തരത്തിൽ റോഡ് യാഥാർത്ഥ്യമാക്കുകയാണെങ്കിൽ മുനമ്പം, പള്ളിപ്പുറം ഭാഗത്ത് നിന്ന് വരുന്നവർക്ക് ദേശീയപാത 66 ലേക്കും അവിടെ നിന്ന് ചേന്ദമംഗലം, പുത്തൻവേലിക്കര, മാള വഴി ദേശീയപാത 544ലും എത്തിച്ചേരാനാകും.
ടൂറിസം വികസിക്കും
മുസിരിസ് ടൂറിസം കേന്ദ്രങ്ങളായ പള്ളിപ്പുറം മഞ്ഞുമാതാ പള്ളി, സഹോദരൻ അയ്യപ്പൻ സ്മാരകം, പട്ടണം മുസിരിസ് കേന്ദ്രം, ഗോതുരുത്ത്, കോട്ടയ്ക്കാവ് പള്ളി, ജൂദ സിനഗോഗ്, പാലിയം കൊട്ടാരം, കോട്ടയിൽ കോവിലകം എന്നീ പ്രദേശങ്ങളും, മുനമ്പം ബീച്ച് , മുനമ്പം പുലിമുട്ട് ,അഴിക്കോട് ബീച്ച് , ചെറായി ബീച്ച് എന്നിവയും സന്ദർശിക്കുന്നതിനുള്ള എളുപ്പത്തിലുള്ള ടൂറിസം പാതയായി ഇതിനെ ഉപയോഗപ്പെടുത്താനാകും. ഗോശ്രീ പാലം വഴി സഞ്ചരിച്ചാൽ വാട്ടർ മെട്രോ ഉപയോഗപ്പെടുത്തി ഫോർട്ട് കൊച്ചിയിലെ ടൂറിസം കേന്ദ്രങ്ങളിലും എത്താനാകും.