പറവൂർ: മാനസിക രോഗിയായ അനുജന്റെ വെട്ടേറ്റ് യുവാവിന് ഗുരുതര പരിക്കേറ്റു. വള്ളുവള്ളി പെരുമന വീട്ടിൽ സജീഷിനാണ് (28) സഹോദരൻ സജിത്ത് സജീവിന്റെ വെട്ടേറ്റത്. വാക്കത്തികൊണ്ടുള്ള വേട്ടേറ്റ് സജീഷിന്റെ ചെവിക്കാണ് ഗുരുതര പരിക്കേറ്റത്. തലയ്ക്കും ക്ഷതമേറ്റിട്ടുണ്ട്.

ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സജീഷിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവമറിഞ്ഞ പറവൂർ പൊലീസ് വീട്ടിലെത്തി സജിത്തിനെ അറസ്റ്റ് ചെയ്തു. ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. സജിത്തിന് ഏറെ നാളായി മാനസിക രോഗമുള്ളതായി ബന്ധുക്കൾ പറഞ്ഞു. മുമ്പും സജീഷിനെ ആക്രമിച്ചു പരിക്കേല്പിച്ചിട്ടുണ്ട്. ഇരുവരും ഒരുമിച്ചാണ് താമസിക്കുന്നത്. അവിവാഹിതരായ ഇവരുടെ മാതാപിതാക്കൾ നേരത്തെ മരിച്ചു.