കൊച്ചി: കിഴക്കമ്പലം പഞ്ചായത്ത് ഭരണസമിതി നടപ്പാക്കുന്ന സൗജന്യ ഭക്ഷണശാല പദ്ധതി പൊലീസ് ഒത്താശയോടെ സി.പി.എം നേതൃത്വം അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ട്വന്റി20 പാർട്ടി ആരോപിച്ചു. നിർമ്മാണപ്രവർത്തനങ്ങൾക്ക് ആവശ്യമായ പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശം നിലനിൽക്കെ കെട്ടിട നിർമ്മാണം സി.പി.എമ്മിന്റെ നേതൃത്വത്തിൽ തടഞ്ഞുവെന്നാണ് ആരോപണം. പൊലീസിന്റെ സാന്നിദ്ധ്യത്തിൽ പഞ്ചായത്ത് അംഗങ്ങളെ ഭീഷണിപ്പെടുത്തുകയും നിർമ്മാണ പ്രവർത്തനം തടയുകയുമായിരുന്നു. പാവപ്പെട്ടവർക്ക് വേണ്ടി വർഷം മുഴുവൻ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ സൗജന്യ ഭക്ഷണശാല ഉൾപ്പെടുന്ന ബസ് സ്റ്റാൻഡ് അനുബന്ധ കെട്ടിടങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിക്കാനിരിക്കെയാണ് പദ്ധതിക്കെതിരെ സി.പി.എം രംഗത്ത് വന്നത്. ഇതിനെതിരെ കോടതിയലക്ഷ്യം ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷ് പറഞ്ഞു.