thottuchira

പെരുമ്പാവൂർ: ചേരാനല്ലൂർ തൊട്ടുച്ചിറയെ കൈയേറ്റത്തിൽ നിന്ന് സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പുല്ലും പായലും മാറ്റി വൃത്തിയാക്കിയെങ്കിലും വ്യാപകമായി കൈയേറ്റം നടന്ന ചിറ അളന്ന് തിട്ടപ്പെടുത്താൻ കഴിയാത്തതിനാൽ സംരക്ഷണഭിത്തി കെട്ടി സംരക്ഷിക്കാനാകുന്നില്ല. ഇതോടൊപ്പം തൊട്ടുച്ചിറയിൽ നിന്ന് കൊടുവേലിച്ചിറയിലേക്കുള്ള തോട് വൃത്തിയാക്കാത്തതിനാൽ നീരൊഴുക്കും സുഗമമല്ല.

കൂവപ്പടി പഞ്ചായത്തിലെ 8 ഏക്കറിലധികം വിസ്തൃതിയുള്ള ചിറയാണ് ചേരാനല്ലൂർ തൊട്ടുച്ചിറ. നാലുവർഷം മുമ്പ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ മണ്ണും പുല്ലും പായലും മാറ്റുവാൻ അനുവദിച്ചിരുന്നു. പണി പൂർണ തോതിൽ നടക്കാത്തതിനാൽ കോൺട്രാക്ടർക്ക് 18 ലക്ഷം രൂപ മാത്രമാണ് നൽകിയത്. ബാക്കി 17 ലക്ഷം രൂപ മൈനർ ഇറിഗേഷന്റെ പക്കൽ ഉണ്ടെന്നാണ് അധികൃതർ പറയുന്നത്.

ഈയിടെ പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിൽ മാലിന്യനിർമ്മാർജന പദ്ധതിയിൽപ്പെടുത്തി മൂന്നുലക്ഷം രൂപ ചെലവിൽ ചിറയിലെ പുല്ലുംപായലും മാറ്റുകയായിരുന്നു. ചിറ അളന്നു തിട്ടപ്പെടുത്തിയ സ്കെച്ച് ഇറിഗേഷൻ വകുപ്പിന് കൈമാറണമെന്ന ആവശ്യം കാലങ്ങളായി ഉന്നയിച്ചിട്ടും പഞ്ചായത്ത് കമ്മിറ്റി ഇതുവരെ നടപടികൾ സ്വീകരിച്ചിട്ടില്ല. ഉൾനാടൻ ജലാശയങ്ങൾക്ക് വേണ്ടി കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും നിരവധി ഫണ്ടുകൾ അനുവദിക്കുന്നുണ്ടെങ്കിലും പഞ്ചായത്തിന്റെ അനാസ്ഥ മൂലം ഒന്നും നടക്കുന്നില്ലെന്നാണ് പരാതി.

മത്സ്യസമ്പത്ത് ഒരുക്കാം

കൂവപ്പടി, ഒക്കൽ പഞ്ചായത്തുകളിലെ ചേരാനല്ലൂർ, ഓച്ഛാംതുരുത്ത്, തോട്ടുവ, കൂടാലപ്പാട് ഭാഗങ്ങളിലായി രണ്ടായിരത്തോളം കിണറുകളിൽ ഉറവ ലഭിക്കുന്നതും ഈ ചിറയിൽ നിന്നാണ്. ധാരാളം മത്സ്യങ്ങൾ ഈ ചിറയിൽ ഉണ്ടായിരുന്നെങ്കിലും അതൊക്കെ നാമാവിശേഷമായി. പുല്ലും പായലും ഭക്ഷിക്കുന്ന മത്സ്യക്കുഞ്ഞുങ്ങളെ അടക്കം ഇവിടെ നിക്ഷേപിച്ചാൽ വലിയ മത്സ്യസമ്പത്തും ലഭ്യമാകും.

ചിറയുടെ ചുറ്റും നടപ്പാതയോട് കൂടിയ സംരക്ഷണഭിത്തി നിർമ്മിച്ചാൽ പ്രദേശവാസികൾക്കും ടൂറിസം വികസനത്തിനും ഉപകാരപ്രദമാകും.

തൊട്ടുച്ചിറയിൽ നിന്ന് കൊടുവേലി ചിറയിലേക്കുള്ള തോട് കേന്ദ്ര സർക്കാരിന്റെ ഓപ്പറേഷൻ വാഹിനി പദ്ധതിയിൽപ്പെടുത്തി ശുചീകരണം നടത്താമെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന പരാതിയുണ്ട്

നിലവിൽ തോടുകൾ നന്നാക്കുവാനുള്ള ഓപ്പറേഷൻ വാഹിനി ഫണ്ട് മൈനർ ഇറിഗേഷൻ വകുപ്പിന്റെ പക്കലുണ്ട്

എത്രയും പെട്ടെന്ന് ചിറ അളന്നു തിട്ടപ്പെടുത്തി ബന്ധപ്പെട്ട വകുപ്പുകൾക്ക് സ്കെച്ച് സമർപ്പിക്കണം. ഓപ്പറേഷൻ വാഹിനിയിൽപ്പെടുത്തി തൊട്ടുച്ചിറയിൽ നിന്ന് കൊടുവേലിച്ചിറയിലേക്കുള്ള തോട് വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കണം

ദേവച്ചൻ പടയാട്ടിൽ

ചെയർമാൻ

ചേരാനല്ലൂർ

വികസന സമിതി