കോതമംഗലം: കോതമംഗലം - മൂവാറ്റുപുഴ റോഡിൽ കറുകടത്തുണ്ടായ വാഹനാപകടങ്ങളിൽ കാർ യാത്രക്കാരി മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ഒമ്പതോടെയാണ് അപകടം. കാറും ലോറിയും പിക്കപ്പ് വാനും സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്.
സൂര്യനെല്ലിയിൽ വാടകയ്ക്ക് താമസിക്കുന്ന മൂന്നാർ സ്വദേശി ശാന്തകുമാറിന്റെ ഭാര്യ അമുദയാണ് (49) മരിച്ചത്. കാറിലെ യാത്രക്കാരിയായിരുന്നു.
അമുദയുടെ മകൾ അഭിരാമി (അപർണ-24), ഭർത്താവ് കണ്ണൻ ( 32) എന്നിവർക്ക് പരിക്കേറ്റു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സ്കൂട്ടർ യാത്രക്കാരന്‍ കോതമംഗലം കളരിക്കുടിയിൽ ജിബീഷിനും പരിക്കേറ്റു.
കോതമംഗലത്തുനിന്ന് മൂവാറ്റുപുഴയ്ക്ക് പോകുകയായിരുന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. റോഡിൽ വട്ടംതിരിഞ്ഞ കാറിലേക്ക് പിന്നാലെ വരികയായിരുന്ന പിക്അപ്പ് വാൻ ഇടിച്ചുകയറുകയായിരുന്നു. നിയന്ത്രണം വിട്ട ലോറി എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയും സമീപത്തെ ചിക്കൻ സെന്ററിലേക്ക് ഇടിച്ചുകയറുകയും ചെയ്തു. സ്കൂട്ടർ ലോറിക്ക് അടിയിൽപ്പെട്ടിരുന്നു. കാർ നിശേഷം തകർന്നു. ഫയർഫോഴ്സ് എത്തിയാണ് അമുദയെ പുറത്തെടുത്തത്. അപകടത്തുടർന്ന് റോഡിൽ വാഹനഗതാഗതം ഏറെനേരം തടസപ്പെട്ടു.