കോതമംഗലം: കീരമ്പാറയിൽ കുട്ടികളിലും മുതിർന്നവരിലും ഛർദ്ദിയും വയറിളക്കവും പടർന്നുപിടിച്ചതിന്റെ കാരണം കണ്ടെത്താൻ കൂടുതൽ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. കുടിവെള്ളത്തിന്റെയും രോഗികളുടെ വിസർജ്യത്തിന്റെയും സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. നേരത്തെ അയച്ച സാമ്പിളുകളുടെ ഫലം ഇതുവരെയും ലഭിച്ചിട്ടില്ല. ജില്ലാ മെഡിക്കൽ ഓഫിസിൽ നിന്നുള്ള വിദഗ്ദ്ധ സംഘം ഇന്ന് കീരമ്പാറയിലെത്തും. രോഗവ്യാപന മേഖലകൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ച് ഡി.എം.ഒയ്ക്ക് റിപ്പോർട്ട് നൽകും. ഇന്നലെ മൂന്ന് കേസുകൾകൂടി പുതിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരാഴ്ചക്കുള്ളിൽ അൻപതിലേറെ പേർക്കാണ് ഛർദ്ദിയും വയറിളക്കവും പിടിപ്പെട്ടത്. ഏതാനും പേർ ഇപ്പോഴും ആശുപത്രികളിൽ ചികിത്സയിലാണ്.