പിടിച്ചത് അർദ്ധരാത്രി സിനിമാസ്റ്റൈൽ ചെയ്സിംഗിൽ
കൊച്ചി: ഹോസ്റ്റൽ നടത്തിപ്പുകാരനെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം നെടുമ്പാശേരിയിൽ നിന്ന് കടന്ന പ്രതി പിന്തുടർന്നെത്തിയ പൊലീസ് ജീപ്പിൽ കാറിടിപ്പിച്ചു. അർദ്ധരാത്രി എറണാകുളം നഗരത്തിൽ സിനിമാസ്റ്റൈലിൽ നടന്ന ഏറ്റുമുട്ടലിനൊടുവിൽ പ്രതിയെ ബലപ്രയോഗത്തിലൂടെ പൊലീസ് കീഴ്പ്പെടുത്തി. സംഭവത്തിൽ പൊലീസ് ജീപ്പിനും പ്രതി സഞ്ചരിച്ച കാറിനും കേടുപാടുണ്ട്.
കഴിഞ്ഞദിവസം അർദ്ധരാത്രി കടവന്ത്ര ജവഹർനഗർ സലിംരാജൻ ക്രോസ് റോഡിലായിരുന്നു സംഭവം. നെടുമ്പാശേരി അത്താണിയിൽ വാടകയ്ക്ക് താമസിക്കുന്ന നായ പരിശീലകൻ കൊല്ലം കരുനാഗപ്പള്ളി സ്വദേശി റിഷഫാണ് (30) പരിഭ്രാന്തി പരത്തിയ പരാക്രമത്തിന് ഒടുവിൽ പിടിയിലായത്.
രാത്രി 10.30ന് നെടുമ്പാശേരി അത്താണി മലബാർ ഹോട്ടലിന് സമീപം തുരുത്തിശേരി സ്വദേശി വിപിനനെ (36) കഴുത്തിലും വയറ്റിലും സാരമായി കുത്തിപ്പരിക്കേൽപ്പിച്ച ശേഷമാണ് പ്രതി കൊച്ചിയിലേക്ക് കാറിൽ കടന്നത്. ഇയാൾ കടവന്ത്ര ഭാഗത്തുണ്ടെന്ന് ടവർ ലൊക്കേഷനിലൂടെ സ്ഥിരീകരിച്ച നെടുമ്പാശേരി പൊലീസ് സ്റ്റേഷനിലെ എസ്.ഐ എസ്.എസ്. ശ്രീലാൽ, പ്രബേഷൻ എസ്.ഐ അനൂപ്, പൊലീസ് ഉദ്യോഗസ്ഥരായ ഹസൻ, സജാസ് എന്നിവരടങ്ങിയ പൊലീസ് സംഘം രാത്രി ഒന്നരയോടെ സ്ഥലത്തെത്തി.
കടവന്ത്ര സലിംരാജൻ റോഡ് വഴി പിന്തുടരുന്നതിനിടെയാണ് ഇയാൾ പലതവണ പൊലീസ് ജീപ്പിലിൽ കാറിടിപ്പിച്ചത്. ഇരുവാഹനങ്ങളും മുഖാമുഖം വന്നപ്പോൾ വെട്ടിയൊഴിച്ച് രക്ഷപ്പെടാൻ പ്രതി ശ്രമിച്ചെങ്കിലും കാറിൻെ എൻജിൻ ഓഫായി. തുടർന്നാണ് പൊലീസുകാർ ബലപ്രയോഗത്തിലുടെ കീഴടക്കിയത്.
കടവന്ത്ര പൊലീസ് സ്റ്റേഷൻ വളപ്പിലേക്ക് മാറ്റിയ പൊലീസ് ജീപ്പിലും കാറിലും ഇന്നലെ ഫോറൻസിക് സംഘം തെളിവെടുപ്പ് നടത്തി. പൊലീസ് വാഹനം കേടുവരുത്തിയതിനും പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചതിനും ജോലി തടസപ്പെടുത്താൻ ശ്രമിച്ചതിനും കടവന്ത്ര പൊലീസ് കേസെടുത്തു.
പ്രതിയുടെ പക്കൽ നിന്ന് വിപിനനെ കുത്താൻ ഉപയോഗിച്ച കത്തി ചോരപുരണ്ട നിലയിൽ കണ്ടെത്തി. തുരുത്തിശേരിയിൽ വിപിൻ നടത്തുന്ന ഹോസ്റ്റലിലെ അന്തേവാസിയായ യുവതിയോട് പ്രതി മോശമായി പെരുമാറിയതിനെ ചോദ്യം ചെയ്തതിലുള്ള വിരോധമാണ് കുത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
വധശ്രമക്കേസിൽ നെടുമ്പാശേരി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.