കൊച്ചി: മുംബയ് ആസ്ഥാനമായ സ്വകാര്യ ബാങ്കിന്റെ രവിപുരത്തെ ബ്രാഞ്ചിൽ കവർച്ചാശ്രമം. പണമോ രേഖകളോ നഷ്ടപ്പെട്ടിട്ടില്ല. ബ്രാഞ്ച് മാനേജറുടെ പരാതിയിൽ എറണാകുളം സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ടി.പി.എം ടവറിൽ പ്രവർത്തിക്കുന്ന ബാങ്ക് ഇന്നലെ രാവിലെ തുറന്നപ്പോഴാണ് കവർച്ചാശ്രമം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ പൊലീസിനെ വിവരം അറിയിച്ചു. ടവറിന് താഴെയുള്ള ടോയ്‌ലെറ്റിന്റെ വെന്റിലേറ്ററും എക്‌സ്‌ഹോസ്റ്റ് ഫാനും അഴിച്ചുമാറ്റിയാണ് മോഷ്ടാവ് ബാങ്കിനുള്ളിൽ പ്രവേശിച്ചത്.

ലോക്കറുകളും മറ്റും മോഷ്ടാവ് പരിശോധിച്ചെങ്കിലും പണവും മറ്റും കവരാൻ സാധിച്ചില്ല. തുടർന്ന് സ്ഥലം വിടുകയായിരുന്നു. ബാങ്കിലെ സി.സി ടിവി ദൃശ്യം കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.