അങ്കമാലി: അങ്കമാലി,​കാലടി,​അത്താണി,​കൊരട്ടി മേഖലയിലെ സ്വകാര്യ ബസ് തൊഴിലാളികൾ നാളെ മുതൽ പണിമുടക്കും. 2024ൽ കാലാവധി തീർന്ന സേവന വേതന കരാർ പുതുക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ആഗസ്റ്റ് 18ന് സൂചനാപണിമുടക്ക് നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ജില്ല ലേബർ ഓഫീസർ വിളിച്ചു ചേർത്ത ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് തൊഴിലാളികൾ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. എഗ്രിമെന്റ് കാലാവധി കഴിഞ്ഞ് ഒരു വർഷമായിട്ടും ഈ മേഖലയിലെ തൊഴിലാളികളുടെ കൂലി വർദ്ധനവ് നടപ്പിലാക്കാത്തതിനെ തുടർന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചതെന്ന് സംയുക്ത തൊഴിലാളി യൂണിയൻ ഭാരവാഹികളായ പി.ജെ.വർഗീസ്, കെ.പി.പോളി, എം.എസ്.ദിലീപ്, പി.ജെ.ജോയി, മാത്യു തോമസ്, പോളി കളപ്പറമ്പൻ,​ പി.ടി.ഡേവിസ്, പി.ആർ.സജിർ, സി.എ.സാബു, എ.വി.സുധീഷ്,​ പി.എസ് ഷിജു എന്നിവർ അറിയിച്ചു.