u

മുളന്തുരുത്തി: ചെങ്ങോല പാടം റെയിൽവേ മേൽപ്പാലത്തിൽ വിള്ളൽ. ട്രെയിൻ കടന്നു പോകുന്നതിന് മുകളിൽ കോൺക്രീറ്റ് ചെയ്ത ഭാഗത്താണ് വിള്ളൽ രൂപപ്പെട്ടിട്ടുള്ളത്. കോൺക്രീറ്റ് ഇളകി കമ്പി പുറത്തുവന്നിട്ടുണ്ട്. തത്സ്ഥിതി തുടർന്നാൽ പാലത്തിന്റെ കോൺക്രീറ്റ് ഭാഗം മുഴുവൻ തകരും. ഒപ്പം മേൽപ്പാലത്തിന്റെ ബലക്ഷയത്തിന് കാരണമാകും. ചെങ്ങോല പാടം റെയിൽവേ മേൽപ്പാടത്തിന് പുറകെ 365 മീറ്റർ നീളത്തിൽ 8.1 മീറ്റർ വീതിയിൽ നിർമ്മാണം പൂർത്തീകരിച്ച പാലം ഏഴുമാസം പിന്നിടുമ്പോഴാണ് തകർന്നു തരിപ്പണമായത്. പാലത്തിന്റെ അഞ്ചിലാധികം ഇടങ്ങളിൽ വിള്ളൽ വീണിട്ടുണ്ട്.

പാചകവാതക ടാങ്കർ ഭാരവാഹന ലോറികൾ അടക്കം ഒട്ടേറെ വാഹനങ്ങൾ പാലത്തിലൂടെ കടന്നു പോകുന്നുണ്ട്. പാലത്തിലെ ഏതാനും സ്പാനുകളുടെ മുകളിൽ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.

സംസ്ഥാന സർക്കാരിന്റെ കിഫ് ബി ഫണ്ട് ഉപയോഗിച്ച് 26 കോടി രൂപ മുടക്കിയാണ് പാലം നിർമ്മിച്ചത്. നിർമ്മാണം 2018 ൽ പൂർത്തീകരിച്ചുവെങ്കിലും. അപ്പ്രോച്ച് റോഡ് നിർമ്മാണം പൂർത്തീകരിക്കാൻ ഏഴുവർഷമെടുത്തു. കേരള റോഡ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷന്റെ മേൽനോട്ടത്തിലായിരുന്നു നിർമ്മാണം. ചോറ്റാനിക്കര ദേവി ക്ഷേത്രത്തിലേക്കും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കിഴക്കൻ മേഖലകളിൽ നിന്നുള്ളവർക്ക് എളുപ്പത്തിൽ എത്തിച്ചേരുവാനുള്ള പ്രധാന പാതയാണിത്.

പാലത്തിന്റെ തകർച്ചയ്ക്ക് കാരണം

നിർമ്മാണ സാമഗ്രികളുടെ ഗുണനിലവാരമില്ലായ്മ

 പാലത്തിന്റെ ഡെക്കസ്ലാബിന് മുകളിലെ വിയറിംഗ് കോട്ടിംഗിന് മതിയായ കനം ഇല്ലാത്തത്.

അശാസ്ത്രീയമായ നിർമ്മിതി

പാലത്തിന്റെ എക്സ്പാൻഷൻ ഗ്യാപ്പ് ഫില്ല് ചെയ്ത രീതിയും അശാസ്ത്രീയതയും വിള്ളലിന് കാരണമായതായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു