
നെടുമ്പാശേരി: ദേശീയപാതയിൽ അത്താണിയിൽ നിന്നും മേയ്ക്കാട് റോഡിലേക്ക് തിരിയുന്ന ഭാഗത്തെ അപകടക്കെണി കണ്ടില്ലെന്ന് നടിക്കുന്ന അധികാരികൾക്കെതിരെ പ്രതിഷേധം. റോഡരികിലെ പൊതുകാനയുടെ സ്ളാബുകൾ തകർന്നതാണ് കാൽനട യാത്രക്കാർക്ക് ഭീഷണിയാകുന്നത്. സ്ളാബ് തകർന്നിട്ട് മാസങ്ങളായിട്ടും ദേശീയപാത അധികൃതർ നടപടിയെടുക്കുന്നില്ല. നടപ്പാതയിലൂടെ വരുന്നവർ പലവട്ടം ഇവിടെ അപകടത്തിൽപ്പെട്ടിട്ടും അധികൃതർ കണ്ടില്ലെന്ന മട്ടാണ്. ദേശീയപാതയുടെ ഭാഗമാണ് കാന. സ്ലാബ് തകർന്നത് നാട്ടുകാരും ജനപ്രതിനിധികളും നിരവധി തവണ ദേശീയപാത അധികൃതരെ അറിയിച്ചിട്ടും ഫലമുണ്ടായില്ല. ഇവിടെ കവലയിൽ റോഡിന് വീതി കൂട്ടണമെന്നു നാട്ടുകാരുടെ ആവശ്യത്തിനും അധികൃതർക്ക് മറുപടിയില്ല.
റോഡിന് വീതിയില്ല, രാത്രി വെട്ടമില്ല
ദേശീയപാതയിൽ ആലുവ-അങ്കമാലി ഭാഗത്ത് റോഡിന് വീതി കുറവാണ്. മേയ്ക്കാട് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗവും തീരെ ഇടുങ്ങിയതാണ്. റോഡിനോടു വളരെ ചേർന്നാണ് കാന. മേയ്ക്കാട് വഴി അങ്കമാലിയിലേക്കുള്ള സ്വകാര്യ ബസുകൾ ഇതുവഴിയാണ് കടന്നുപോകുന്നത്. ചമ്പന്നൂർ വ്യവസായ മേഖലയിലേക്കുള്ള വലിയ ട്രക്കുകളും കടന്നു പോകുന്നത് ഇതുവഴിയാണ്.
ഒരു ബസ് തിരിയുമ്പോൾ മറ്റൊരു വാഹനത്തിന് ഇവിടെ സഞ്ചരിക്കാൻ സാധിക്കില്ല. ബസോ, വലിയ ട്രക്കുകളോ കയറി തകർന്ന സ്ലാബ് ഇപ്പോൾ കാനയിൽ വീണ് കിടക്കുകയാണ്.
ദേശീയപാതയാണെങ്കിലും രാത്രി ഇവിടെ ആവശ്യത്തിന് വെളിച്ചമില്ല. കാൽനട യാത്രക്കാരും ഇരുചക്ര വാഹനങ്ങളും ഇടയ്ക്കിടെ ഈ കുഴിയിൽ വീഴുന്നുണ്ട്. വീണ കാൽനടയാത്രക്കാർക്ക് പലർക്കും ഗുരുതര പരിക്കാണ് ഉണ്ടായത്.
ദേശീയപാതയും പി.ഡബ്ളിയു.ഡി റോഡും തമ്മിൽ കൂടിച്ചേരുന്ന ഭാഗത്താണ് അപകടക്കെണി രൂപപ്പെട്ടിട്ടുള്ളത്. അതിനാൽ രണ്ട് വിഭാഗവും പരസ്പരം കൈയ്യൊഴിയുന്നതാണ് പ്രശ്നപരിഹാരത്തിന് തടസമാകുന്നത്. ദേശീയപാതയിൽ നിന്നും മേക്കാട് റോഡിലേക്ക് തിരിയുന്ന ഭാഗത്തായതിനാൽ കാനക്ക് മുകളിലെ സ്ളാബ് വളച്ച് കോൺക്രീറ്റ് ചെയ്യണം. സ്ക്വയർ സ്ളാബുകൾ സ്ഥാപിക്കുമ്പോൾ കാനയുടെ കുറെ ഭാഗം തുറന്നിരിക്കുന്നതും അപകടം ക്ഷണിച്ച് വരുത്തും. കാനയുടെ വശങ്ങൾ ഉയർത്തി മേൽഭാഗം കോൺക്രീറ്റ് ചെയ്ത് അടിയന്തരമായി പ്രശ്നം പരിഹരിക്കണം.
കെ.ബി. സജി, പ്രസിഡന്റ്,
കേരള വ്യാപാരി വ്യവസായി
ഏകോപന സമിതി,
മേക്കാട് യൂണിറ്റ്