residents

ആലുവ: ചൂർണിക്കരയിൽ കൈയേറ്റത്തെ തുടർന്ന് നാശോന്മുഖമായ പെരിയാർവാലി കനാൽ പുനരുജ്ജീവിപ്പിക്കുന്നതിന് നടപടിയായി. പൊതുപ്രവർത്തകൻ കെ.ടി. രാഹുൽ നൽകിയ പരാതിയെ തുടർന്ന് ജില്ലാകളക്ടർ കൈയേറ്റം ഒഴിപ്പിക്കാനായി പെരിയാർവാലി ഇറിഗേഷൻ അസി. എൻജിനീയർക്ക് നിർദ്ദേശം നൽകി. തുടർന്ന് ഇതിനായി സർവേ നടപടികൾ ആരംഭിക്കാൻ ആലുവ ഭൂരേഖ തഹസിൽദാർക്ക് ഇറിഗേഷൻ അധികൃതർ കത്ത് നൽകി.

ചൂർണിക്കര ഗ്രാമപഞ്ചായത്തിലെ അണ്ടിക്കമ്പനിക്ക് സമീപത്ത് നിന്നും എസ്.എൻ.പുരം, മാന്ത്രക്കൽ, സഡക് റോഡ്, ചവർപാടം വഴി കടന്നു പോകുന്ന ബ്ലോക്ക് 34 സർവ്വേ നമ്പർ 259 ഭൂമിയിൽപ്പെട്ട പെരിയാർവാലി ഇറിഗേഷൻ കനാൽ ആണ് വ്യാപക കൈയേറ്റത്തെ തുടർന്ന് ശോഷിച്ചിരിക്കുന്നത്. ഇതുമൂലം വേനൽക്കാലത്ത് ആവശ്യത്തിന് വെള്ളം ലഭിക്കാതെയായതോടെയാണ് രാഹുൽ കളക്ടർക്ക് പരാതി നൽകിയത്. കനാലിന്റെ വീതി കുറച്ച് തീരത്ത് കൂടെ റോഡ് നിർമ്മിച്ചെന്നും ചില ഭാഗങ്ങളിൽ റെസിഡന്റ്സ് അസോസിയേഷൻ ഓഫീസുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ നിർമ്മിച്ചെന്നും പരാതിയിൽ ചൂണ്ടികാട്ടിയിരുന്നു.

സ്വകാര്യ വ്യക്തികൾ മാത്രമല്ല, റെസിഡന്റ്സ് അസോസിയേഷനും ഈ മേഖലയിൽ സ്ഥലം കൈയേറിയിട്ടുണ്ട്. കനാലിന്റെ ഇരുവശങ്ങളിലൂടെയും നടപ്പാത വേണമെന്നാണ് ചട്ടം. ഒരു ഭാഗത്തെ നടപ്പാത പൂർണമായും തടസപ്പെടുത്തി തായിക്കാട്ടുകര - മാന്ത്രക്കൽ റെസിഡന്റ്സ് അസോസിയേഷനാണ് ഓഫീസ് നിർമ്മിച്ചിട്ടുള്ളത്. ഇതിനെതിരെയും പെരിയാർവാലി ഓഫീസ് മുമ്പാകെ പരാതിയുണ്ട്.

കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും

പെരിയാർവാലി കനാൽ പൂർവസ്ഥിതിയിലാക്കിയാൽ ചൂർണിക്കര പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് വലിയൊരളവ് വരെ പരിഹാരമാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. കനാലിൽ വെള്ളം വന്നാൽ ഉറവയിലൂടെ കിണറുകളും ജലസമൃദ്ധമാകും. കാർഷികാവശ്യത്തിനും വെള്ളം ലഭിച്ചാൽ കർഷകർക്കും വലിയ ആശ്വാസമാകും.