മട്ടാഞ്ചേരി: ജില്ലയിലെ 5 അർബൻ സഹകരണ ബാങ്കുകളിൽ മൂന്നാം സ്ഥാനത്തുള്ള മട്ടാഞ്ചേരി എം.എസ്.സി ബാങ്ക് 72-ാം വർഷത്തിലേക്ക്. ഇതിൽ ഒരു വർഷമൊഴിച്ചാൽ 7 പതിറ്റാണ്ടായി ലാഭത്തിൽ മാത്രം പ്രവർത്തിക്കുന്ന മട്ടാഞ്ചേരിയിലെ ബാങ്കിന് പ്രവർത്തനമേഖല വ്യാപിപ്പിക്കാൻ സംസ്ഥാന സഹകരണവകുപ്പ് അനുവദിക്കുന്നില്ലെന്ന് ബാങ്ക് പ്രസിഡന്റ് പി.വി. ജയപ്രസാദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും.
ബാങ്കിന്റെ മൊത്തം പ്രവർത്തന മൂലധനം 26,926 ലക്ഷം രൂപയാണ്. നിക്ഷേപം 24,457 ലക്ഷം രൂപയും. നടപ്പുവർഷം വൻ വർദ്ധനവാണുണ്ടായിരിക്കുന്നത്. ബാങ്കിൻെറ നടപ്പുവർഷത്തെ അറ്റാദായം 1.5 കോടിയോളം രൂപയാണ്. ബാങ്കിലെ അംഗത്വം 31, 952 ആയി വർദ്ധിച്ചിട്ടുണ്ട്. റിസർവ് ബാങ്കിന്റെ എസ്.എ.എഫ് നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കപ്പെട്ട 15 അർബൻ ബാങ്കുകളിൽ ഒന്നാണ് എം.എസ്.സി ബാങ്കെന്നും ചെയർമാൻ ചൂണ്ടിക്കാട്ടി. ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ നൂതന പദ്ധതികൾക്ക് രൂപം കൊടുത്തിട്ടുണ്ട്. വൈസ് ചെയർമാൻ വിശ്വനാഥ് ഹരിഹർ, ഡയറക്ടർ വി. ഉമേഷ് മല്ല്യ തുടങ്ങിയവരും സംബന്ധിച്ചു.