
കോലഞ്ചേരി: സ്വാതിയ്ക്ക് ഇനി ബാങ്കിന്റെ ജപ്തി ഭീഷണി നേരിടാതെ തന്റെ സ്വന്തം വീട്ടിൽ അന്തിയുറങ്ങാം. പുത്തൻകുരിശ് മലേക്കുരിശിനടുത്ത് സ്വകാര്യ ബാങ്ക് ജപ്തി ചെയ്ത് കിടപ്പാടം നഷ്ടമായതോടെ തെരുവിൽ അഭയം തേടേണ്ട അവസ്ഥയിലായിരുന്നു സ്വാതിയും കുടുംബവും. സംഭവമറിഞ്ഞെത്തിയ മുൻ എം.എൽ.എ വി.പി. സജീന്ദ്രന്റെ ഇടപെടലിൽ ജപ്തി നടപടികൾ ഒഴിവായി വീട് തിരികെ ലഭിച്ചതോടെ ആശങ്കകളകറ്റി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം.
കൈക്കുഞ്ഞും പ്രായമായ അമ്മയുമായി കഴിയുന്നതിനിടെയാണ് സ്വകാര്യ ബാങ്കിൽ നിന്നും വീട് പണിയാനെടുത്ത തുക അടച്ചു തീർക്കാനാകാതെ ജപ്തി നടപടികളിലേയ്ക് കടന്നത്. കഴിഞ്ഞ 3നായിരുന്നു ബാങ്ക് കോടതി ഉത്തരവുമായെത്തി ഇവരെ വീടിന് പുറത്താക്കി സീൽ ചെയ്തത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയവർ വീടിന്റെ താഴ് തകർത്തെങ്കിലും കോടതി നടപടികൾ ഭയന്ന് കുടുംബം അകത്തു കയറിയില്ല. കട വരാന്തയിൽ അഭയം തേടേണ്ട സാഹചര്യത്തിൽ സജീന്ദ്രൻ വിഷയത്തിൽ ഇടപെട്ട് വിദേശത്തുള്ള സുഹൃത്തുക്കളോട് സഹായം അഭ്യർത്ഥിച്ചു. കോട്ടയം പാല സ്വദേശിയും അമേരിക്കയിലെ ഹൂസ്റ്റനിൽ സ്ഥിരതാമസക്കാരനായ ജോസ് തോട്ടുങ്കൽ സഹായ ഹസ്തവുമായെത്തി മുഴുവൻ കടബാദ്ധ്യതയും അടച്ചു തീർക്കാൻ സന്നദ്ധതയറിയിച്ചു. തുടർന്ന് ബാങ്കുമായി സംസാരിച്ചതോടെ ഇവർക്ക് വീട്ടിലേയ്ക്ക് പ്രവേശിക്കാൻ അനുമതി നൽകി. കൂടാതെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി വഴി ബാങ്കിന്റെ 7,20,000 രൂപയുടെ കുടിശിക 4,80,000 രൂപയാക്കി കുറച്ചും നൽകി.
ഈ തുക സഹോദരൻ ജോയൽ തോട്ടുങ്കലിന്റെ അക്കൗണ്ടിലേയ്ക്ക് അന്നുതന്നെ കൈമാറി. ഓണത്തോടനുബന്ധിച്ചുള്ള ബാങ്ക് അവധികൾ കാരണം പണമടയ്ക്കാൻ നേരിയ താമസം നേരിട്ടു. കഴിഞ്ഞ ദിവസം പണമടച്ചതോടെ വീടിന്റെ അസൽ രേഖകളും താക്കോലും തിരികെ നൽകി. ഇന്നലെ വീട്ടിലെത്തി സ്വാതിക്ക് ഇവ കൈമാറി. മണ്ഡലം പ്രസിഡന്റ് പീറ്റർ കുപ്പളാശ്ശേരി, പഞ്ചായത്ത് മെമ്പർ നിഷ സജി, ബ്ലോക്ക് വൈസ് പ്രസിഡന്റ് എൻ.എൻ. രാജൻ, ചെറിയാൻ മണിച്ചേരി തുടങ്ങിയവരും വീട്ടിലെത്തിയിരുന്നു.