പറവൂർ: തീരദേശ പഞ്ചായത്തുകളായ ചിറ്റാറ്റുകര, വടക്കേക്കര, ചേന്ദമംഗലം എന്നിവിടങ്ങളിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരം ഉണ്ടാക്കാൻ അർബൻ ആഗ്ളോമോറേഷൻ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതി വേഗത്തിലാക്കാൻ അവലോകനയോഗത്തിൽ തീരുമാനം. നിലവിലെ കാലപ്പഴക്കം ചെന്ന കുടിവെള്ള പൈപ്പുകൾ മാറ്റി പുതിയവ സ്ഥാപിക്കും. ഡിവിഷനിലുള്ള പഞ്ചായത്തുകൾക്ക് പുറമേ പള്ളിപ്പുറം പഞ്ചായത്തിന് കൂടി ഗുണം ലഭിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

നാല് പഞ്ചായത്തുകൾക്കായി മാല്യങ്കരയിൽ കൂറ്റൻ ജലസംഭരണി സ്ഥാപിക്കും. പ്രവർത്തനങ്ങൾ ധ്രുതഗതിയിൽ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കുറേ നാളുകളായി പൈപ്പ് ലൈൻ അടിക്കടി പൊട്ടുന്നതുമൂലം ജനങ്ങൾ കുടിവെള്ളം കിട്ടാതെ വലയുന്ന സാഹചര്യമാണുള്ളത്. നിർദിഷ്ട പദ്ധതി പൂർത്തിയായാൽ ഇതിന് അറുതിയാകും. മൂത്തകുന്നം ഡിവിഷനിലെ മറ്റ് പ്രവർത്തികളുടെ പുരോഗതിയും യോഗം വിലയിരുത്തി. ജില്ലാ പഞ്ചായത്തംഗം എ.എസ് അനിൽകുമാർ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ രശ്മി അനിൽകുമാർ, ലീന വിശ്വൻ, ശാന്തിനി ഗോപകുമാർ, രമണി അജയൻ, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ അവലോകന യോഗത്തിൽ പങ്കെടുത്തു.