കൊച്ചി: ആത്മഹത്യാ പ്രതിരോധ ദിനമായ ഇന്ന് ആരോഗ്യ വകുപ്പ് ജില്ലയിൽ ബോധവത്കരണയജ്ഞം സംഘടിപ്പിക്കും. രാവിലെ 9ന് എറണാകുളം ജനറൽ ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ ഉദ്ഘാടനം ചെയ്യും. ജില്ലാ മെഡിക്കൽ ഓഫീസർ ആശാ ദേവി അദ്ധ്യക്ഷത വഹിക്കും.
പൊതുയോഗത്തിന് ശേഷം എറണാകുളം ഗവൺമെന്റ് നഴ്സിംഗ് സ്‌കൂളിലെ വിദ്യാർത്ഥികൾ ബോധവത്കരണ സ്‌കിറ്റും, 'ആത്മഹത്യ- മാറുന്ന കാഴ്ചപ്പാടുകൾ" എന്ന വിഷയത്തിൽ ജനറൽ ഹോസ്പിറ്റലിലെ കോൺഫറൻസ് ഹാളിൽ വിവിധ കലാലയങ്ങളിൽ നിന്നുള്ള സോഷ്യൽ വർക്ക് വിദ്യാർത്ഥികളെ ഉൾകൊള്ളിച്ച് സെമിനാറും നടത്തും.
വിവിധ സംഘടനകളുമായി സഹകരിച്ച് ബോധവത്കരണ റാലി, ഫ്‌ളാഷ് മോബ്, മോട്ടോർ ബൈക്ക് റാലി, സിഗ്നേച്ചർ ക്യാമ്പയിൻ, ഡാൻസ് ഒഫ് ഹോപ്പ് തുടങ്ങിയ പരിപാടികളും നടത്തും.
രാവിലെ പത്തിന് പൊന്നുരുന്നി സെന്റ് റീത്താസ് സ്‌കൂൾ, സി.കെ.സി ഹൈസ്‌കൂൾ വിദ്യാർത്ഥികൾ റാലി നടത്തും.വൈകിട്ട് 4.45ന് ഹൈക്കോടതി ലായേഴ്‌സ് റൈഡേഴ്സ് ക്ലബ് നടത്തുന്ന ബൈക്ക് റാലി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഫ്‌ളാഗ് ഒഫ് ചെയ്യും .