pic
കെ.ടി.ജി.എയുടെ യൂത്ത് പ്രീമിയർ ക്രിക്കറ്റ് ലീഗ് 2025 ലോഗോ പ്രകാശനം ബീന കണ്ണൻ നിർവഹിക്കുന്നു

കൊച്ചി: കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് അസോസിയേഷൻ (കെ.ടി.ജി.എ) യൂത്ത് വിംഗ് സംഘടിപ്പിക്കുന്ന രണ്ടാമത് യൂത്ത് പ്രീമിയർ ലീഗ് (വൈ.പി.എൽ) ക്രിക്കറ്റ് ടൂർണമെന്റിന് ദുബായ് വേദിയാകും. അടുത്തമാസം 12ന് ആരംഭിക്കുന്ന മത്സരങ്ങളിൽ കെ.ടി.ജി.എ അംഗങ്ങളെ അണിനിരത്തിയുള്ള പത്ത് ടീമുകൾ മാറ്റുരയ്‌ക്കും. രണ്ട് സെലിബ്രിറ്റി ടീമുകളും ഏറ്റുമുട്ടും. 16ന് കലാശപ്പോരാട്ടം.

കെ.ടി.ജി.എ സംസ്ഥാന പ്രസിഡന്റും കല്യാൺ സിൽക്സ് സി.ഇ.ഒയുമായ ടി.എസ്. പട്ടാഭിരാമൻ വൈ.പി.എൽ ഉദ്ഘാടനം ചെയ്യും. കെ.ടി.ജി.എ വനിതാ വിഭാഗം പ്രസിഡന്റും ശീമാട്ടി ടെക്സ്റ്റൈൽസ് സി.ഇ.ഒയുമായ ബീന കണ്ണൻ ഫ്ലാഗ് ഓഫ് ചെയ്യും. ഹൈബി ഈഡൻ എം.പി വിശിഷ്ടാതിഥിയായിരിക്കും. പോത്തീസ് രാജ് (പോത്തീസ്), ശങ്കരൻകുട്ടി രാജശേഖരൻ (സ്വയംവര സിൽക്സ്) എന്നിവരുൾപ്പെടെ സംസ്ഥാനത്തെ ടെക്സ്റ്റൈൽസ് വ്യവസായരംഗത്തെ പ്രമുഖർ സന്നിഹിതരാകും.

വൈ.പി.എല്ലിന്റെ താരലേലവും ക്രിക്കറ്റ് ലീഗിന്റെ ലോഗോ, ടീമുകളുടെ ജഴ്സി പ്രകാശനവും ഇന്നലെ കൊച്ചിയിൽ നടന്നു. ബീന കണ്ണൻ ലോഗോയും ജഴ്സികളും പ്രകാശനം ചെയ്തു. കേരളത്തിലെ ടെക്സ്റ്റൈൽസ് മേഖലയെ ആഗോള പ്ലാറ്റ്ഫോമിലേക്ക് ഉയർത്താൻ വൈ.പി.എല്ലിന് സാധിക്കുമെന്ന് ബീന കണ്ണൻ പറഞ്ഞു.

ആഗോള ഫാഷൻ വ്യവസായത്തിന് ദുബായ് സമാനതകളില്ലാത്ത വ്യാപ്തിയും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. ഇതാണ് വൈ.പി.എല്ലിന് വേദിയായി ദുബായ് തെരഞ്ഞെടുക്കാൻ കാരണമെന്ന് കെ.ടി.ജി.എ യൂത്ത് വിംഗ് പ്രസിഡന്റ് സമീർ മൂപ്പൻ പറഞ്ഞു. വ്യവസായ പ്രമുഖരുടെ സംഗമവും ഇതിനൊപ്പം നടക്കും. വാർത്താസമ്മേളനത്തിൽ യൂത്ത് വിംഗ് സെക്രട്ടറി ഇബ്രാഹിം മൂപ്പൻ, ട്രഷറർ ഭരത്ത്, മഹേഷ് പട്ടാഭിരാമൻ തുടങ്ങിയവ‌ർ സന്നിഹിതരായിരുന്നു.