കൊച്ചി: അത്താണിയിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം കൊച്ചിയിൽ പൊലീസ് ജീപ്പിൽ കാറിടിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതിന് അറസ്റ്റിലായ നായപരിശീലകൻ റിഷഫ് (30) ലഹരിക്കേസുകളിലും അടിപിടിക്കേസുകളിലും പ്രതിയാണെന്ന് നെടുമ്പാശേരി പൊലീസ് സ്ഥിരീകരിച്ചു. ഇയാളുമായി ബന്ധപ്പെട്ട കേസുകളുടെ വിശദാംശങ്ങൾ ശേഖരിച്ചുവരികയാണ്. റിഷഫിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണസംഘം.
സംഭവദിവസം രാത്രി തുരുത്തിശേരിയിൽ ഹോസ്റ്റൽ നടത്തിപ്പുകാരൻ വിപിനെ കുത്താൻ ഉപയോഗിച്ച കത്തി എവിടെനിന്ന് വാങ്ങിയതാണെന്നത് സംബന്ധിച്ചും അന്വേഷണം തുടരുന്നു. മൂർച്ചയേറിയതും ശക്തിയുള്ളതുമായ ആയുധമാണ് ഉപയോഗിച്ചത്. പ്രതിയെ കടവന്ത്ര സലിംരാജൻ ക്രോസ്റോഡിൽ വച്ച് കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തപ്പോൾ രക്തംപുരണ്ട കത്തി കൈവശം ഉണ്ടായിരുന്നു. കത്തി ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കി. കഴുത്തിലും വയറ്റത്തും ഗുരുതരമായി കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന വിപിൻ അപകടനില തരണംചെയ്തു.
സംഭവസമയത്ത് റിഷഫ് മദ്യലഹരിയിലായിരുന്നു എന്നാണ് സൂചന. ഇയാളുടെ രക്തസാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വിപിനെ കുത്തിപ്പരിക്കേൽപ്പിച്ചശേഷം അത്താണിയിൽനിന്ന് കടന്ന റിഷഫ് നെടുമ്പാശേരി പൊലീസ് സംഘം സഞ്ചരിച്ച ജീപ്പിന്റെ മുൻഭാഗത്തേക്ക് കാറിടിപ്പിച്ച് എസ്.ഐ ഉൾപ്പെടെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചിരുന്നു. സാഹസികമായിട്ടാണ് പ്രതിയെ കീഴ്പ്പെടുത്തിയത്.