കൊച്ചി: ആശുപത്രിയിലെ മെഡിക്കൽ ബെഡിൽ കൈവിരൽ കുടുങ്ങിയ ബാലികയ്ക്ക് അഗ്നിശമനസേന തുണയായി. ഇന്നലെ വൈകിട്ട് ഞാറയ്ക്കലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം. മാതാപിതാക്കൾക്കൊപ്പം കാഷ്വാലിറ്റിയിൽ എത്തിയ അഞ്ച് വയസുകാരിയുടെ മോതിരവിരലാണ് മെഡിക്കൽ ബെഡിന്റെ സ്റ്റീൽഫ്രെയിമിലെ ദ്വാരത്തിൽ കുടുങ്ങിയത്.
വിരൽ പുറത്തെടുക്കാൻ സാധിക്കാത്തതിനാൽ ആശുപത്രി അധികൃതരാണ് അഗ്നിശമനസേനയുടെ സഹായംതേടിയത്. വൈപ്പിനിൽ നിന്നെത്തിയ സേനാംഗങ്ങൾ സ്റ്റീൽവളയം മുറിച്ച് വിരൽ സുരക്ഷിതമായി പുറത്തെടുത്തതോടെ എല്ലാവർക്കും ആശ്വാസമായി.