കൊച്ചി: പട്ടികജാതി പട്ടികവർഗ വിഭാഗ സംവരണത്തിൽ സാമ്പത്തിക മാനദണ്ഡം നിശ്ചയിക്കാനുള്ള നീക്കത്തെ എതിർക്കുമെന്ന് ആദിവാസി സംഘടനകളുടെ മുന്നറിയിപ്പ്.

13ന് ഉച്ചക്ക് 2ന് എറണാകുളം അദ്ധ്യാപക ഭവനിൽ ചേരുന്ന പട്ടിക ജാതി - പട്ടികവർഗ നേതൃത്വ കൺവെൻഷൻ ഈ വിഷയം വിശദമായി ചർച്ചചെയ്തശേഷം കേന്ദ്രസർക്കാരിന് നിവേദനം നൽകുമെന്ന് എം. ഗീതാനന്ദൻ അറിയിച്ചു.

സ്വകാര്യ മേഖലയിലും ഭൂമി, വ്യവസായം തുടങ്ങിയ എല്ലാ മേഖലകളിലും അവഗണന അവസാനിപ്പിച്ച് പ്രാതിനിധ്യം ലഭിക്കാൻ സംവരണം വിപുലീകരിക്കണമെന്നാണ് പട്ടികജാതി -പട്ടികവർഗ സംഘടനകളുടെ നിലപാട്. ഒ.ബി.സി, ഇ.ഡബ്ളിയു. എസ് തുടങ്ങിയ വിഭാഗങ്ങൾക്ക് സംവരണത്തിന് സാമ്പത്തിക പരിധി നിശ്ചയിച്ചതുപോലെ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കും ക്രീമിലെയർ നിർണയിക്കാനുള്ള നീക്കം ഫലത്തിൽ സംവരണം അട്ടിമറിക്കാനുള്ള സൂചനയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഈ-ഗ്രാന്റ് തുടങ്ങിയ ‌സ്കോളർഷിപ്പുകൾക്ക് എല്ലാ വരുമാന സ്രോതസുകളിൽ നിന്നുമുള്ള വാർഷിക കുടുംബ വരുമാന പരിധി 2.50 ലക്ഷം രൂപയായി നിശ്ചയിച്ചത് ഇതിന്റെ മുന്നോടിയാണ്. ഈ സാഹചര്യത്തിലാണ് പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിൽ സാമ്പത്തിക മാനദണ്ഡം നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് നിവേദനം സമർപ്പിക്കാൻ വിവിധ ദളിത്-ആദിവാസി സംഘടനകൾ തീരുമാനിച്ചതെന്നും ഗീതാനന്ദൻ പറഞ്ഞു.