* ഇംഗ്ലീഷ്, ഹിസ്റ്ററി വിഭാഗങ്ങളുടെ നവീകരണത്തിന് 24 ലക്ഷം
കൊച്ചി: മഹാരാജാസ് കോളേജിലെ പൈതൃക കെട്ടിടങ്ങൾ നവീകരിക്കാൻ ലക്ഷങ്ങളുടെ പദ്ധതി. കാലപ്പഴക്കവും കെട്ടിടത്തിന്റെ പലഭാഗങ്ങളുടെയും തകർച്ചയും കണക്കിലെടുത്താണ് നവീകരണം. പൈതൃക കെട്ടിടങ്ങളിൽ നടത്തിയ ചില കൂട്ടിച്ചേർക്കലുകളുടെയും അറ്റകുറ്റപ്പണികളുടെയും ഭാഗമായി കെട്ടിടങ്ങളുടെ പലഭാഗങ്ങളിലും തകർച്ച നേരിടുന്നുണ്ട്. ഇത്തരത്തിൽ കണ്ടെത്തിയ കെട്ടിടഭാഗങ്ങൾ നവീകരിക്കാനാണ് തീരുമാനം.
ആദ്യഘട്ടത്തിൽ ഇംഗ്ലീഷ്- ഹിസ്റ്ററി വിഭാഗങ്ങൾ ചേരുന്ന ഇടങ്ങളിലെ കെട്ടിട ഭാഗങ്ങളാണ് നവീകരിക്കുക. പി.ഡബ്ല്യു.ഡി നേരിട്ടാകും നവീകരണം. ഇതിനായി 24ലക്ഷംരൂപ ഇതിനോടകം അനുവദിച്ചു. ഈ ഭാഗത്തെ നവീകരണ ജോലികൾ ഉടൻ ആരംഭിക്കും.
മറ്റ് പൈതൃക കെട്ടിടങ്ങൾ നവീകരിക്കുന്നതിന് അടിയന്തരമായി എസ്റ്റിമേറ്റും പദ്ധതിയും തയ്യാറാക്കാൻ നിർദ്ദേശം നൽകി. പി.ഡബ്ല്യു.ഡിയുടെ എസ്റ്റിമേറ്റ് ലഭിക്കുന്ന മുറയ്ക്ക് നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കും. പഴയ കെട്ടിടങ്ങൾ നിർമ്മിച്ച സമയത്ത് ബാത്റൂമുകൾ കെട്ടിടത്തിന് പുറത്തായിരുന്നു. ഇത് പിന്നീട് പലപ്പോഴായി അറ്റാച്ച്ഡാക്കി ക്രമീകരിച്ചിരുന്നു. തടിക്ക് മുകളിൽ കോൺക്രീറ്റ് ചെയ്താണ് ഇത്തരം നിർമ്മാണങ്ങൾ നടത്തിയത്.
ഇങ്ങനെയുള്ളയിടങ്ങളിൽ ചോർച്ചയുണ്ടാവുകയും അത് ഭിത്തികളിലേക്ക് അരിച്ചിറങ്ങി പലയിടത്തും സിമന്റ് പൊളിയുന്ന അവസ്ഥയിലാണ്.
* മേൽക്കൂര ഇടിഞ്ഞുവീണു
കാലപ്പഴക്കം മൂലം കോളേജില മലയാളവിഭാഗത്തിന്റെ മേൽക്കൂരയുടെ ഒരു ഭാഗം കഴിഞ്ഞദിവസം ഇടിഞ്ഞുവീണിരുന്നു. ഓണാവധി കഴിഞ്ഞ് അദ്ധ്യാപകരും വിദ്യാർത്ഥികളും തിരികെ എത്തിയപ്പോഴാണ് ക്ലാസ് മുറിയുടെ മേൽക്കൂരയുടെ ഒരുഭാഗം തകർന്നത് ശ്രദ്ധയിൽപ്പെട്ടത്. ആദ്യം വിദ്യാർത്ഥികളെ ഇവിടെനിന്ന് മാറ്റിയിരുന്നെങ്കിലും പിന്നീട് ഇവരെ ഇതേ ക്ലാസ് മുറിയിലേക്ക് തന്നെ മടക്കിക്കൊണ്ടുവന്നു. ഈ ക്ലാസ്‌മുറിയുടെ ഉത്തരവും വളഞ്ഞ നിലയിലാണ്.
* മരം മുറി വെല്ലുവിളി; മേൽക്കൂര പണിനീളുന്നു
പൈതൃക കെട്ടിടങ്ങളുടെ മേൽക്കൂരകളും പലയിടങ്ങളിലും കാലപ്പഴക്കം ചെന്ന് ജീർണാവസ്ഥയിലാണ്. ഇത് എത്രയും വേഗം നീക്കേണ്ടതാണെങ്കിലും സമീപത്തെ കൂറ്റൻമരങ്ങളുടെ ചില്ലകൾ നീക്കം ചെയ്യാനാകാത്തത് വെല്ലുവിളിയാണ്. പത്ത് മരങ്ങളുടെ ചില്ലകൾ നീക്കംചെയ്യുന്നതിന് ലക്ഷങ്ങളാണ് പ്രതിഫലം ചോദിക്കുന്നതെന്ന് അധികൃതർ പറയുന്നു.