elephant

കോതമംഗലം : കവളങ്ങാട് പഞ്ചായത്തിൽ തലക്കോടിന് സമീപം വെള്ളാപ്പാറയിൽ കാട്ടാനശല്യം രൂക്ഷം. കഴിഞ്ഞ രാത്രിയിലെത്തിയ ആനക്കൂട്ടം വിവിധ കൃഷിയിടങ്ങളിൽ നാശം വിതച്ചു. തെങ്ങ്,പന, വാഴ, റബ്ബർ, തുടങ്ങിയ കൃഷികളെല്ലാം ആനക്കൂട്ടം നശിപ്പിച്ചു. വീടുകളുടെ മുറ്റത്തുവരെ ആനകളെത്തിയെന്ന് നാട്ടുകാർ പറഞ്ഞു.
പടക്കം പൊട്ടിച്ചാണ് ആനകളെ നാട്ടിൽ നിന്ന് ഓടിച്ചത്. വനംവകുപ്പിന്റെ ആർ.ആർ.ടി.സംഘവും സ്ഥലത്തെത്തിയിരുന്നു. വെള്ളാപ്പാറ പ്രദേശത്ത് ആദ്യമായാണ് ആന ശല്യമുണ്ടാകുന്നത്. ഇന്നലെ പകലും ജനവാസമേഖലക്കടുത്തുള്ള പ്ലാന്റേഷനിൽ തുടർന്ന ആനകളെ വനപാലകരും നാട്ടുകാരും ചേർന്ന് ആവോലിച്ചാൽ ഭാഗത്തെ പ്ലാന്റേഷനിലേക്ക് തുരത്തി. ഇഞ്ചത്തൊട്ടി വനത്തിൽ നിന്ന് പെരിയാർ കടന്നെത്തിയ ആനകളാണ് വെള്ളാപ്പാറയിലത്തിയത്. വനത്തിൽ നിന്ന് എട്ട് കിലോമീറ്ററോളം ദൂരെയുള്ള പ്രദേശമാണിത്. വനംവകുപ്പിന്റെ തേക്ക് പ്ലാന്റേഷനിൽ തമ്പടിച്ചശേഷമാണ് പരിസരത്തെ ജനവാസമേഖലകളിലേക്കും കൃഷിയിടങ്ങളിലേക്കും ആനകൾ ഇറങ്ങുന്നത്. ആനശല്യം തടയാൻ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.