മുപ്പത്തടം: മുപ്പത്തടം ശ്രീചന്ദ്രശേഖരപുരം ശിവക്ഷേത്രത്തിൽ നൂറുകണക്കിന് ഭക്തജനങ്ങളെ സാക്ഷിയാക്കി കുന്നംപറമ്പത്ത് മനക്കൽ പരമേശ്വരൻ നമ്പൂതിരിയുടെയും ശങ്കരൻ നമ്പൂതിരിയുടെയും മുഖ്യ കാർമികത്വത്തിൽ കൊടിമര തൈലാധിവാസം നടന്നു.
ശിവക്ഷേത്രത്തിലെ ജീർണോദ്ധാരണ യജ്ഞത്തിന്റെ മൂന്നാംഘട്ടമായ ധ്വജപ്രതിഷ്ഠ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു ചടങ്ങ്. 45 അടിയോളം നീളമുള്ള ലക്ഷണമൊത്ത തേക്കുമരം പാലാ പൂവരണിയിൽനിന്ന് ആചാര വിധിപ്രകാരം പൂജചെയ്ത് ഭൂസ്പർശമേൽക്കാതെ മുറിച്ച് വിവിധ ക്ഷേത്രങ്ങളുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി താലം, കാവടി, പുണ്യപുരാണ വേഷങ്ങൾ ,വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രാങ്കണത്തിൽ എത്തിച്ചു. മലപ്പുറം വിഷ്ണു ആചാര്യരുടെ നേതൃത്വത്തിൽ രൂപപ്പെടുത്തി സൂക്ഷിച്ചിരുന്ന കൊടിമരം ശുദ്ധമായ എള്ളെണ്ണ പ്രത്യേകം തയ്യാറാക്കി സംഭരിച്ച് അമ്പതിലേറെ പച്ചമരുന്നുകളും ഔഷധക്കൂട്ടുകളും പൊടിച്ചുചേർത്ത കഷായം നിയന്ത്രിത അളവിൽ അഗ്നിയിൽ തിളപ്പിച്ച് കുറുക്കി ഔഷധജലം തയ്യാറാക്കിയായിരുന്നു ചടങ്ങ്. ഔഷധതൈലം നിറച്ച തോണിയിൽ അർണവൃക്ഷം (കൊടിമരം) ഒരു ഗർഭസ്ഥ കാലയളവ് (കുറഞ്ഞത് 9 മാസം 9 ദിവസം ) സൂക്ഷിച്ചാണ് പ്രതിഷ്ഠയ്ക്കായി തയ്യാറാക്കുന്നത്.
ഇന്നലെ രാവിലെ സ്വാമി അനഘമൃതാനന്ദപുരിയാണ് എണ്ണത്തോണിയിലേക്ക് തൈലം പകർന്നത്.
പൂർണമായും കരിങ്കല്ലിലാണ് ക്ഷേത്രത്തിന്റെ പുനരുദ്ധാരണ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. പടിഞ്ഞാറ് ദർശനമായിരിക്കുന്ന സ്വയംഭൂവാണ് ഇവിടത്തെ പ്രതിഷ്ഠ.