ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്തിന് വിവരാവകാശ പ്രവർത്തകൻ കെ.ടി. രാഹുൽ നൽകിയ നിവേദനം വിവാദത്തിലേക്ക്. അഞ്ചാം വാർഡിലെ സ്ത്രീകളെ അധിക്ഷേപിക്കുന്നതാണ് നിവേദനമെന്ന് ആരോപിച്ച് സി.ഡി.എസ്, കുടുംബശ്രീ പ്രവർത്തകർ, വാർഡ് മെമ്പർ എന്നിവർ രംഗത്തെത്തി. അഴിമതിക്കെതിരെ നിരന്തരം നിയമപോരാട്ടം നടത്തുന്ന രാഹുലിനെതിരെ ഈ അവസരം മുതലെടുത്ത് പഞ്ചായത്ത് അധികൃതരും പ്രതിഷേധത്തിന് പിന്തുണ നൽകുന്നുണ്ട്.
ചൂർണിക്കര പഞ്ചായത്തിലെ അഞ്ചാം വാർഡിലാണ് കേരളത്തിൽ ഏറ്റവും കൂടുതൽ വേശ്യകളുള്ളതെന്നും, അതിനാൽ അവർക്ക് 'സാമൂഹിക വേശ്യ പെൻഷൻ' അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് രാഹുൽ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകിയത്. ഈ വിവരം മാദ്ധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്നും അദ്ദേഹം നിവേദനത്തിൽ പറയുന്നു. എന്നാൽ, ഈ പരാമർശം സ്ത്രീത്വത്തെ അധിക്ഷേപിക്കുന്നതാണെന്നാണ് കുടുംബശ്രീ അംഗങ്ങളുടെയും വാർഡ് മെമ്പർ ലൈല അബ്ദുൾഖാദറിന്റെയും നിലപാട്.

പരാതിയും ഭീമ ഹർജ്ജിയും
1. രാഹുലിനെതിരെ നടപടി ആവശ്യപ്പെട്ട് വാർഡ് മെമ്പർ ലൈല അബ്ദുൾഖാദർ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.

2. വാർഡിലെ വനിതകളുടെ ഭീമഹർജി നൽകാനും നീക്കമുണ്ട്.

3. കുടുംബശ്രീ ഗ്രൂപ്പുകളിൽ രാഹുലിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്.

സ്ഥിരം പരാതി നൽകുന്നയാൾ
അഴിമതിക്കും ക്രമക്കേടുകൾക്കുമെതിരെ വിവരാവകാശ നിയമം ഉപയോഗിച്ച് പഞ്ചായത്ത് അധികൃതരെ വെള്ളം കുടിപ്പിച്ചയാളാണ് രാഹുൽ. അദ്ദേഹത്തെ 'പൊതുശല്യമായി' പ്രഖ്യാപിച്ച പഞ്ചായത്ത് കമ്മിറ്റിക്കെതിരെ രാഹുൽ നൽകിയ പരാതിയിൽ ഓംബുഡ്‌സ്മാൻ പഞ്ചായത്ത് അംഗങ്ങളിൽ നിന്ന് പിഴ ഈടാക്കിയിരുന്നു. താത്കാലിക ജീവനക്കാരിയെ നിയമിച്ചതിലും, പെരിയാർ വാലി തീരം കൈയേറിയ വിഷയത്തിലുമെല്ലാം രാഹുലിന്റെ പരാതികൾ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സ്ത്രീകൾ നടത്തുന്ന പ്രക്ഷോഭത്തിന് പഞ്ചായത്ത് അധികൃതർ പിന്തുണ നൽകുന്നത്.