കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് എല്ലാ വർഷവും നൽകുന്ന തിരുവൈരാണിക്കുളത്തപ്പൻ പുരസ്കാരത്തിന് കൂടിയാട്ടം കലാകാരൻ മാർഗി സജീവ് നാരായണ ചാക്യാരെ തിരഞ്ഞെടുത്തു. മുപ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. കഥകളി നിരൂപകനും കേരള കലാമണ്ഡലം മുൻ ഡെപ്യൂട്ടി രജിസ്ട്രാറുമായ വി. കലാധരൻ, സാംസ്കാരിക പത്രപ്രവർത്തകനും കലാനിരൂപകനുമായ ശ്രീവത്സൻ തീയ്യാടി, കൂടിയാട്ടം കലാകാരി കലാമണ്ഡലം സിന്ധു എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സെപ്തംബർ 24ന് മാർഗി സജീവ് നാരായണ ചാക്യാർക്ക് പുരസ്കാരം സമ്മാനിക്കും.