കാക്കനാട്: ആശാഭവനിലെ അന്തേവാസികൾക്കൊപ്പം ഓണം ആഘോഷിച്ച് മുസ്ലിം എഡ്യൂക്കേഷനൽ സൊസൈറ്റി കണയന്നൂർ താലൂക്ക് കമ്മിറ്റി.
സ്വന്തക്കാരും ബന്ധുക്കളും കൈയൊഴിഞ്ഞ അമ്പതോളം പുരുഷന്മാരാണ് കാക്കനാട് ആശാഭവനിൽ ഉള്ളത്. സാമൂഹ്യനീതി ക്ഷേമവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന അശാഭവനിൽ കഴിയുന്ന ഭൂരിഭാഗംപേരും മാനസികരോഗം ഉൾപ്പെടെയുള്ളവ ഭേദമായിട്ടും ബന്ധുക്കൾ കൂട്ടിക്കൊണ്ടുപോകാൻ തയ്യാറാകാത്തതിനാൽ ഇവിടെ കഴിയുന്നവരാണ്.
ആശാഭവനിൽ നടന്ന ഓണം സൗഹൃദസദസ് കെ.എസ്. ഇ.ബി ഓംബുഡ്‌സ്‌മാൻ എ.സി.കെ. നായർ ഉദ്ഘാടനം ചെയ്തു. ആശാഭവൻപോലുള്ള സ്ഥാപനങ്ങൾക്കൊപ്പം ഓണമാഘോഷിക്കാൻ തയ്യാറായ എം.ഇ.എസിനെ സംഘടനകൾ മാതൃകയാക്കണമെന്ന് അദ്ദേഹം പറഞ്ഞു. എം.ഇ.എസ്. കണയന്നൂർ താലൂക്ക് പ്രസിഡന്റ് സി.കെ. അബ്ദുൽ കരീം അദ്ധ്യക്ഷനായി.
സംസ്ഥാന വൈസ് പ്രസിഡന്റ് എം.എം. അഷ്‌റഫ്, കെ.എം. ലിയാഖത് അലിഖാൻ, എം.ഐ. അബ്ദുൽ ഷരീഫ്, കെ.എം. അബ്ബാസ്, അഡ്വ. അഹമ്മദ് കുഞ്ഞ് എന്നിവർ സംസാരിച്ചു.