ആലുവ: അദ്വൈതാശ്രമം വളപ്പിൽ സ്ഥാപിച്ചിരുന്ന പീതപതാകകളും ബോർഡും പൊതുസ്ഥലത്ത് കൊടിതോരണങ്ങൾ പാടില്ലെന്ന കോടതി ഉത്തരവിന്റെ മറവിൽ ആലുവ നഗരസഭാ അധികൃതർ നശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയാണ് അദ്വൈതാശ്രമവളപ്പിൽ ഉദ്യോഗസ്ഥർ അതിക്രമം നടത്തിയത്.
ശ്രീനാരായണ ഗുരുദേവ ജയന്തിയുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയനും അദ്വൈതാശ്രമവും ചേർന്ന് സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ സമാപനം വരുന്ന 14നാണ് നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിരുന്ന പ്രചാരണ ബോർഡും കൊടികളുമാണ് നശിപ്പിച്ചത്. നഗരസഭയിലെ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിലെത്തിയ കണ്ടിൻജൻസി വിഭാഗമാണ് ആശ്രമം അധികൃതരോടുപോലും ചോദിക്കാതെ ഗുരുദേവ സൂക്തങ്ങൾ ആലേഖനംചെയ്ത കൊടികൾ പിഴുതെറിയുകയും ജയന്തി ആഘോഷങ്ങളുടെ പ്രചാരണ ബോർഡുകൾ വലിച്ചെറിയുകയും ചെയ്തത്. ആശ്രമത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ആശ്രമത്തിന്റെ മുഖ്യപ്രവേശന കവാടത്തിലെ ഇരുമ്പ് ഗ്രില്ലുകളിലാണ് പ്രചാരണ ബോർഡ് സ്ഥാപിച്ചിരുന്നത്. എതിർവശം ആശ്രമം പാർക്കിംഗ് ഏരിയയുടെ മതിലിന് മുകളിലാണ് പീതപതാകകൾ കെട്ടിയിരുന്നത്. ഇവിടെ സ്ഥാപിച്ചിരുന്ന ശിവഗിരി വിദ്യാനികേതൻ സ്കൂളിന്റെ ബോർഡും നശിപ്പിച്ചു.
പിഴുതെറിഞ്ഞ കൊടികൾ പിന്നീട് നഗരസഭയുടെ മലിനജല സംസ്കരണ പ്ളാന്റിനോട് ചേർന്ന മാലിന്യംനിറഞ്ഞ ഗോഡൗണിൽ തള്ളുകയും ചെയ്തു. അദ്വൈതാശ്രമവും എസ്.എൻ.ഡി.പി യോഗവും സ്വന്തം സ്ഥലത്ത് സ്ഥാപിച്ച പീതപതാകയും ബോർഡും നശിപ്പിക്കാൻ നഗരസഭയ്ക്ക് എന്ത് അധികാരമാണുള്ളതെന്ന ചോദ്യത്തിന് കോടതി ഉത്തരവ് പ്രകാരമാണ് നടപടി സ്വീകരിച്ചതെന്നാണ് ഒരു ഉദ്യോഗസ്ഥൻ ആദ്യം മറുപടി നൽകിയത്. എന്നാൽ ആശ്രമം മതിലിലിരുന്ന കൊടികളും ബോർഡും നഗരസഭാ ജീവനക്കാരൻ പിഴുതെറിയുന്ന വീഡിയോ പുറത്തുവന്നതോടെ ഇയാൾ മൗനത്തിലായി.