കൊച്ചി: കേരള തീരത്ത് മുങ്ങിയ എം.എസ്.സി എൽസ 3 കപ്പലിൽ തങ്ങളുടെ നഷ്ടപരിഹാര ബാദ്ധ്യത 132 കോടി രൂപയെന്ന് കപ്പൽ കമ്പനിയുടെ പത്രപ്പരസ്യം. നഷ്ടപരിഹാരത്തിന് അർഹതയുള്ളവരും നാശനഷ്ടം അവകാശപ്പെടുന്നവരും 18ന് ഹൈക്കോടതിയിൽ നേരിട്ടോ അഭിഭാഷകർ മുഖേനയോ ഹാജരാകണമെന്നും പത്രപ്പരസ്യത്തിലുണ്ട്. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് എൽസ 3 മാരിടൈം കമ്പനിയും അനുബന്ധ സ്ഥാപനങ്ങളും പരസ്യം നൽകിയത്. തുക ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കക്ഷികൾക്ക് വാദിക്കാം. കോടതി അനുവദിച്ചാൽ ഈ തുക കോടതിയിൽ കെട്ടിവയ്‌ക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
അതേസമയം, സർക്കാർ ഹൈക്കോടതിയിൽ നൽകിയ അഡ്മിറാലിറ്റി സ്യൂട്ടിലെ കണക്കനുസരിച്ച് 9,531 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. പരിസ്ഥിതി, മത്സ്യബന്ധന, വാണിജ്യമേഖലകളിലെ നഷ്ടമാണ് ഈ കണക്കിലുള്ളത്.