auto

മൂവാറ്റുപുഴ: നഗരത്തിലെ പ്രധാന പാതയായ ലതാ പാലത്തിൽ അപകടങ്ങൾ സൃഷ്ടിച്ചുകൊണ്ട് മാസങ്ങളായി രൂപപ്പെട്ട കുഴികൾ, ഓട്ടോറിക്ഷാ ഡ്രൈവർമാർ സ്വയം മുൻകൈയെടുത്ത് അടച്ചു. അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകാത്തതിനാലാണിത്.
മൂവാറ്റുപുഴ ലതാ ബസ് സ്റ്റാൻഡിലെ 10 ഓളം ഓട്ടോറിക്ഷ ഡ്രൈവർമാരാണ് പ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ട്രാഫിക് പൊലീസിന്റെ അനുമതിയോടെ, വാഹനങ്ങളിൽ കുഴിയടയ്ക്കുന്നതിനുള്ള സാധനങ്ങൾ എത്തിച്ചു. വാഹനങ്ങൾ ഇടതടവില്ലാതെ കടന്നുപോകുന്ന പാലമാണിത്. ഇരുചക്രവാഹന യാത്രക്കാർ ഉൾപ്പെടെ നിരവധി പേർ ദിവസേന ഈ കുഴികളിൽ വീണ് അപകടത്തിൽപ്പെട്ടിരുന്നു. കുഴിയിൽ വീഴാതിരിക്കാൻ വാഹനം വെട്ടിക്കുമ്പോൾ എതിർദിശയിൽ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കുന്ന അപകടങ്ങളും പതിവായിരുന്നു.

അധികൃതരുടെ അനാസ്ഥ
ഒരു മാസം മുൻപ് പ്രദേശവാസികൾ ഈ കുഴിയിൽ തെങ്ങുനട്ട് പ്രതിഷേധിച്ചപ്പോൾ പി.ഡബ്ല്യു.ഡി. ബ്രിഡ്ജസ് വിഭാഗം താത്കാലികമായി കുഴിയടച്ചിരുന്നു. എന്നാൽ, അതിനടുത്ത് വീണ്ടും വലിയ കുഴി രൂപപ്പെടുകയും അധികാരികൾ മഴ മാറിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാതിരിക്കുകയും ചെയ്തതാണ് ഡ്രൈവർമാരെ തീരുമാനത്തിലെത്തിച്ചത്. ജനപ്രതിനിധികളെ ഉൾപ്പെടെ നിരവധി തവണ ബന്ധപ്പെട്ടിട്ടും പ്രതികരണമൊന്നും ഉണ്ടാകാത്തതിനാലാണ് ഈ നീക്കമെന്ന് ഡ്രൈവർമാർ പറഞ്ഞു. നഗരത്തിലെ കച്ചേരിത്താഴം പാലത്തിലും സമാനമായ അവസ്ഥയാണുള്ളത്.