കോതമംഗലം: കീരംപാറ ഗ്രാമപഞ്ചായത്തിലെ കുട്ടികളിൽ ഛർദ്ദിയും വയറിളക്കവും പടർന്നുപിടിച്ച സംഭവത്തിൽ വാട്ടർ അതോറിട്ടി പതിക്കൂട്ടിൽ. മലിനമായ കുടിവെള്ളമാണ് രോഗം പടർത്താൻ കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ റോട്ട വൈറസ് ആണ് രോഗകാരണമെന്ന് കണ്ടെത്തി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പഞ്ചായത്തിലെ അൻപതിലേറെ കുട്ടികൾക്ക് രോഗം ബാധിച്ചിരുന്നു. നിലവിൽ രോഗവ്യാപനം നിയന്ത്രണവിധേയമാണെന്നും പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
 ശുദ്ധീകരണത്തിൽ വീഴ്ച
വാട്ടർ അതോറിട്ടി വിതരണം ചെയ്യുന്ന കുടിവെള്ളം വേണ്ടത്ര ശുദ്ധീകരിക്കാതെയാണ് നൽകുന്നതെന്ന് നേരത്തെയും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. പെരിയാറിൽ നിന്ന് പമ്പ് ചെയ്യുന്ന വെള്ളം 611 മുടിയിലെ ടാങ്കിലെത്തിച്ചാണ് വിതരണം ചെയ്യുന്നത്. ഇവിടെ ആധുനികമായ ട്രീറ്റ്‌മെന്റ് പ്ലാന്റുകളില്ല. മണലും മെറ്റലും കരിയും ഉപയോഗിച്ചുള്ള ഫിൽറ്ററേഷനും ക്ലോറിനേഷനും മാത്രമാണ് നടത്തുന്നത്. വർഷങ്ങളായി ഈ ഫിൽറ്റർ ബെഡ് പുനഃക്രമീകരിക്കാത്തതിനാൽ വെള്ളം ശരിയായ രീതിയിൽ ശുദ്ധീകരിക്കപ്പെടുന്നില്ലെന്നാണ് പ്രധാന ആക്ഷേപം. വർഷങ്ങൾക്ക് മുൻപ് മന്ത്രിതല അദാലത്തിൽ ഈ വിഷയം ഉന്നയിച്ചിരുന്നെങ്കിലും ചെലവ് കൂടുതലായതിനാൽ അധികൃതർ നടപടിയെടുത്തില്ലെന്ന് ആരോപണമുണ്ട്.

പഞ്ചായത്തിൽ നിലവിലുള്ള കുടിവെള്ള പദ്ധതിക്ക് അമ്പത് വർഷത്തോളം പഴക്കമുണ്ട്. ജലജീവൻ മിഷനിൽപ്പെടുത്തിയുള്ള പുതിയ കുടിവെള്ള പദ്ധതി നിർമ്മാണ ഘടത്തിലാണ്.ഇത് പൂർത്തീകരിക്കുന്നതോടെ കുടിവെള്ള വിതരണം കാര്യക്ഷമമാകും

ഗോപി മുട്ടത്ത്
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.


കീരമ്പാറ പഞ്ചായത്തിൽ ശരിയായ ശുദ്ധീകരണമില്ലാതെയാണ് ഇപ്പോൾ ജലവിതരണം നടക്കുന്നത്. ജനങ്ങൾക്ക് ശുദ്ധമായ കുടിവെളളം കിട്ടുന്നുണ്ടെന്ന് അധികാരികൾ ഉറപ്പ് വരുത്തണം. കാളക്കടവ് കുടിവെള്ള പദ്ധതി എത്രയും വേഗം പൂർത്തീകരിക്കണം.

ജോളി ഐസക്
കീരമ്പാറ ജനകീയവേദി