ആലുവ: പെരിയാറിൽ നിന്ന് മണലൂറ്റുന്നവരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ അഞ്ച് പേർക്കെതിരെ ആലുവ പൊലീസ് കേസെടുത്തു. ആലുവ ഉളിയന്നൂർ ചിതകുടത്ത് വീട്ടിൽ കബീർ, തോട്ടക്കാട്ടുകര മണപ്പുറം റോഡിൽ കയനാട്ട് വീട്ടിൽ ആന്റണി മാർട്ടിൻ, മണപ്പുറം ദേശം റോഡിൽ താമസിക്കുന്ന അമൽകൃഷ്ണ, വിമൽ, രാഹുൽ എന്നിവർക്കെതിരെയാണ് ആലുവ കോടതിയുടെ നിർദ്ദേശപ്രകാരം കേസെടുത്തത്.

ഉളിയന്നൂർ പനിച്ചിക്കുഴി പി.എം. ഷാജഹാൻ, സഹോദരൻ നിഷാദ് എന്നിവരുടെ പരാതിയിലാണ് കേസ്. മൂന്ന് മാസം മുമ്പ് മണൽലോറി തടഞ്ഞുനിർത്തി പൊലീസിന് അറിയിച്ചെന്നാരോപിച്ച് ആന്റണി മാർട്ടിനെ മണലൂറ്റുകാർ ആക്രമിച്ച സംഭവം വലിയ വാർത്തയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പി.എം. ഷാജഹാനും സഹോദരൻ നിഷാദും പൊലീസ് പിടിയിലായിരുന്നു. യഥാർത്ഥത്തിൽ മണപ്പുറം കേന്ദ്രീകരിച്ച് നടക്കുന്ന മണലൂറ്റുകാരും ഗുണ്ടാസംഘങ്ങളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ തുടർച്ചയായിട്ടായിരുന്നു മർദ്ദനം.

മാർച്ച് 19ന് പുലർച്ചെ തോട്ടക്കാട്ടുകര മണപ്പുറം ഭാഗത്ത് വച്ച് കബീർ, ആന്റണി മാർട്ടിൻ, അമൽകൃഷ്ണ, വിമൽ, രാഹുൽ എന്നിവർ ഭീഷണിപ്പെടുത്തി ഗൂഗിൾപേ വഴി 10,000 രൂപ ഷാജഹാന്റെയും സഹോദരന്റെയും പക്കൽ നിന്ന് തട്ടിയെടുത്തെന്നും തൊട്ടടുത്ത ദിവസം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വീണ്ടും പണം തട്ടാൻ ശ്രമിച്ചുവെന്നും ജൂൺ 11ന് മാർക്കറ്റ് ഭാഗത്ത് വച്ച് മാരകായുധങ്ങളുമായി ആക്രമിച്ചുവെന്നുമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇന്നലെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

എഫ്.ഐ.ആറിൽ മണൽ ഇടപാടുമായി ബന്ധപ്പെട്ട സംഘ‌ർഷമാണെന്ന് രേഖപ്പെടുത്തിയിട്ടില്ല. പരാതിക്കാരനും പൊലീസുമെല്ലാം ഇത് ബോധപൂർവം മറച്ചുവയ്ക്കുന്നുവെന്നും ആക്ഷേപമുണ്ട്. നേരത്തെ അനധികൃത മണലൂറ്റുകാരെ പിടികൂടിയെന്ന തരത്തിൽ മാദ്ധ്യമങ്ങളിൽ വാർത്ത സൃഷ്ടിച്ചവരാണ് പിന്നീട് ഇടനിലക്കാരായി നിന്ന് പണം തട്ടിയിരുന്നത്.