പെരുമ്പാവൂർ: പെരുമ്പാവൂർ മേഖലയിൽ വിവിധ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പെരുമ്പാവൂർ ബാലഗോകുലത്തിന്റെ ആദഭിമുഖ്യത്തിൽ സെപ്തംബർ 14ന് നടക്കുന്ന ശോഭായാത്ര വൈകിട്ട് 5ന് സിനിമാ താരം ഹരിശ്രീ അശോകൻ ഉദ്ഘാടനം ചെയ്യും. വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന ശോഭായാത്രകൾ വൈകിട്ട് 3 മണിയോടെ പെരുമ്പാവൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ എത്തി സംയുക്തശോഭായാത്ര ടൗൺ ചുറ്റി പെരുമ്പാവൂർ ശ്രീ ധർമ്മശാസ്താ ക്ഷേത്രമൈതാനിയിൽ സമാപിക്കും. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ വിജയത്തിനായി മുനിസിപ്പൽ കൗൺസിലർ ടി.എൻ. അശോക് കുമാർ, കുന്നത്തുനാട് താലൂക്ക് എൻ.എസ്.എസ് കരയോഗം യൂണിയൻ വൈസ് പ്രസിഡന്റ് സി.എസ്. രാധാകൃഷ്ണൻ, എസ് എൻ.ഡി.പി യോഗം പെരുമ്പാവൂർ ശാഖാ പ്രസിഡന്റ് ടി.കെ. ബാബു, വടർകുറ്റി ബ്രാഹ്മണ സമൂഹം സെക്രട്ടറി എച്ച്. വരരാഹൻ, ഹൈക്കോടതിയിലെ സീനിയർ സെൻട്രൽ ഗവ. സ്റ്റാൻഡിംഗ് കൗൺസിൽ അഡ്വ. എൻ. അനിൽ കുമാർ, സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ബി. രാജീവ്, അറ്റോമിക് എനർജി ഡിപ്പാർട്ട്മെന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ടി. ശങ്കരനാരായണൻ, മുനിസിപ്പൽ കൗൺസിലർ ടി. ജവഹർ എന്നിവരെ രക്ഷാധികാരികളായി ആഘോഷക്കമ്മിറ്റി രൂപീകരിച്ചു.