കാക്കനാട്: കേരള ബാങ്ക് ഇ.എം.എസ് സഹകരണ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പ്രൊഫ. എം.കെ.സാനു അനുസ്മരണം സംഘടിപ്പിച്ചു. കാക്കനാട് മാവേലിപുരം ലൈബ്രറി ഹാളിൽ നടന്ന പരിപാടി എഴുത്തുകാരനും കേരള സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റുമായ അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. കണ്ണൻ അദ്ധ്യക്ഷനായി. പ്രൊഫ. എം.കെ.സാനു സ്മാരക സാഹിത്യ പ്രതിഭാ പുരസ്‌കാരം സംബന്ധിച്ച് കേരള ബാങ്ക് ബോർഡ് ഒഫ് മാനേജ്‌മെന്റ് അംഗം അഡ്വ. മാണി വിതയത്തിൽ വിശദീകരിച്ചു. മലയാളത്തിലെ യുവസാഹിത്യ പ്രതിഭയ്ക്കായി 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം ഏർപ്പെടുത്തുമെന്നും 2026 ൽ സാനു മാഷിന്റെ അനുസ്മരണ ദിനമായ ഓഗസ്റ്റ് രണ്ടിനോടനുബന്ധിച്ച് പുരസ്‌കാര വിതരണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
ചടങ്ങിൽ യുവ എഴുത്തുകാരനും ഇന്ത്യ ബുക്ക് ഒഫ് റെക്കോഡിൽ ഇടം നേടിയ സംരംഭകനുമായ ആദിശങ്കർ എസ്. പുതിയാമഠത്തെ അനുമോദിച്ചു. റീജിയണൽ ജനറൽ മാനേജർ എൻ. നവനീത് കുമാർ, ഡെപ്യൂട്ടി ജനറൽ മാനേജർ പി.എൻ. രാജേഷ് തുടങ്ങിയവർ സംസാരിച്ചു.