പള്ളുരുത്തി: മരത്തിൽ കുടുങ്ങി മരണത്തോട് മല്ലടിച്ചുകൊണ്ടിരുന്ന കാക്കയെ അടിയന്തരമായി രക്ഷിക്കാൻ ബംഗളൂരുവിൽനിന്ന് വിമാനത്തിൽ കൊച്ചിയിലെത്തി ജീവകാരുണ്യ പ്രവർത്തകൻ മുകേഷ് ജെയിൻ. എല്ലാ ജീവികളുടെയും പ്രാണൻ വിലപ്പെട്ടതാണെന്ന കാഴ്ചപ്പാടാണ് മട്ടാഞ്ചേരി സ്വദേശിയായ മുകേഷ് ജെയിനിന്റേത്.
പെരുമ്പടപ്പ് എസ്.എൻ റോഡിന് സമീപത്തെ വൃക്ഷത്തിൽ ഏതാണ്ട് മുപ്പതടി ഉയരത്തിൽ നൈലോൺപട്ടച്ചരടിൽ കുടുങ്ങിക്കിടക്കുകയായിരുന്നു കാക്ക. വെയിലും മഴയുമേറ്റ് മൃതപ്രായനായി തൂങ്ങിക്കിടക്കുന്ന കാക്ക കെ.ഡി. ദിലേഷ്, എം.എസ്. രാജേഷ്‌കുമാർ, കെ.കെ. സത്യപാലൻ എന്നിവരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് പതാക ഉയർത്താനെത്തിയതായിരുന്നു ഇവർ. ഫയർഫോഴ്സിൽ അറിയിച്ചെങ്കിലും അവർ ജീവകാരുണ്യ പ്രവർത്തകൻ മുകേഷ് ജെയിനിനെ ബന്ധപ്പെടുവാൻ നിർദ്ദേശിക്കുകയായിരുന്നു. ഈ സമയത്ത് മുകേഷ് ജെയിൻ ബംഗളൂരുവിലായിരുന്നു. വിവരം അറിഞ്ഞ ഉടനെ അടുത്ത വിമാനത്തിൽ മുകേഷ് കൊച്ചിയിലെത്തി പറവകളെ രക്ഷിക്കുവാനുള്ള ഉപകരണം വീട്ടിൽനിന്നെടുത്ത് സ്ഥലത്തേക്ക് പുറപ്പെടുകയായിരുന്നു. സഹപ്രവർത്തകരായ എം.എം. സലിം, വി. എ. അൻസാർ എന്നിവരുമെത്തി. തുടർന്ന് വളരെ വേഗത്തിൽ കാക്കയെ താഴെയിറക്കി. പ്രാഥമികശുശ്രൂഷ നൽകി പറത്തിവിട്ടു.
2007 മുതലാണ് പറവകളെ രക്ഷപ്പെടുത്തുന്ന പ്രവർത്തനം മുകേഷ് ആരംഭിച്ചത്. ഇതിനകം ആറായിരത്തോളം പറവകളെ രക്ഷിച്ചിട്ടുണ്ട്. പട്ടം പറത്താൻ നൈലോൺ നൂൽ ഉപയോഗിക്കുന്നതാണ് പറവകൾക്ക് വിനയാകുന്നത്. പൊട്ടിപ്പോകുന്ന പട്ടങ്ങളുടെ ദ്രവിക്കാത്ത നൈലോൺനൂലുകൾ മരത്തിൽ കുടുങ്ങിക്കിടപ്പുണ്ടാകും. ഇതിൽ പറവകൾ കുടുങ്ങുന്നതാണ് പ്രശ്നം. പട്ടങ്ങളിൽ കോട്ടൺനൂൽ ഉപയോഗിച്ചാൽ ഈ അവസ്ഥ ഒഴിവാക്കാനാകുമെന്ന് മുകേഷ് ജെയിൻ പറയുന്നു.