p

കൊച്ചി: ദേശീയ പാതയിൽ തൃശൂർ പാലിയേക്കരയിലെ ടോൾ പിരിവിന് ഹൈക്കോടതി ഏർപ്പെടുത്തിയ താത്കാലിക വിലക്ക് തുടരും. അടിപ്പാതകളുടെ നിർമ്മാണം നടക്കുന്ന ഇടങ്ങളിൽ ഗതാഗതം സുഗമമാണെന്ന് ബോദ്ധ്യപ്പെടുന്നതു വരെ വിലക്ക് നീക്കാനാകില്ലെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കർ വി.മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി.

സർവീസ് റോഡുകളുടെയടക്കം അറ്റകുറ്റപ്പണികൾ നടത്താൻ ദേശീയപാതാ അതോറിറ്റിക്ക് നിർദ്ദേശം നൽകിയതായി കോടതിയിൽ ഓൺലൈനായി ഹാജരായ തൃശൂർ കളക്ടർ അർജുൻ പാണ്ഡ്യൻ വ്യക്തമാക്കി. നിർദ്ദേശങ്ങൾ ഇന്നലെ മുതൽ നടപ്പാക്കിത്തുടങ്ങിയതായി കേന്ദ്രസർക്കാരിന് വേണ്ടി അഡിഷണൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശൻ അറിയിച്ചു.

അറ്റകുറ്റപ്പണിയുടെ പുരോഗതി റിപ്പോർട്ട് ദേശീയപാതാ അതോറിറ്റി തൃശൂർ കളക്ടർക്ക് സമർപ്പിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. കളക്ടർ ഇക്കാര്യം പരിശോധിച്ച് നടപടികൾ കൃത്യമായി നടപ്പാക്കിയിട്ടുണ്ടോയെന്ന് വിലയിരുത്തണം. വിശദാംശങ്ങൾ ഹൈക്കോടതിയെ അറിയിക്കണം. തിങ്കളാഴ്ച വിഷയം വീണ്ടും പരിഗണിക്കും. അതുവരെ ടോൾ വിലക്കിന് പ്രാബല്യമുണ്ടാകും.