road
പായിപ്ര - ചെറുവട്ടൂർ റോഡിലെ കുണ്ടും കുഴിയുമായി കിടക്കുന്ന ഏനാലികുന്ന് ഭാഗം

മൂവാറ്റുപുഴ: പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ചെറുവട്ടൂർ - പായിപ്ര റോഡിലെ ഏനാലികുന്ന് ഭാഗത്തെ റോഡ് തകർന്ന് കുഴികൾ രൂപപ്പെട്ടിട്ട് മാസങ്ങളാകുന്നു. റോഡിൽ നിരവധി കുഴികളാണ് അപകടം വിതയ്ക്കുന്ന വിധത്തിൽ രൂപപ്പെട്ടിരിക്കുന്നത്. വലിയ വാഹനങ്ങളിലടക്കം യാത്രചെയ്യുമ്പോൾ റോഡിലെ കുണ്ടിലും കുഴിയിലും വീണ് യാത്രക്കാർക്ക് പരിക്കേൽക്കുന്നത് പതിവ് സംഭവമാണ്. ഇരുവശത്ത് നിന്നും കയറ്രം കയറിവരുന്ന വാഹനങ്ങൾ നിരപ്പായ ചെറിയ ഭാഗത്ത് എത്തുമ്പോഴാണ് കുഴികളിൽ വീഴുന്നത്. ഇവിടെ വാട്ടർ അതോറിട്ടിയുടെ പൈപ്പ് പൊട്ടി വെള്ളം ഒഴുകാൻ തുടങ്ങിയിട്ടും മാസങ്ങളായായെങ്കിലും ആരും തിരിഞ്ഞുനോക്കുന്നില്ല. ദിവസവും കുഴികളുടെ വലിപ്പം കൂടുകയാണ്. ടാർ മുഴുവനായി ഇളകി മെറ്റലുകൾ പുറത്തുകാണുന്ന രൂപത്തിലാണ് ഇപ്പോഴത്തെ അവസ്ഥ.

ഏഴ് സ്വകാര്യ ബസുകളുൾപ്പടെ നൂറുകണക്കിന് വാഹനങ്ങൾ ഓടുന്ന റോഡാണിത്. ഏതാണ്ട് നാൽപതോളം പ്ലൈവുഡ് കമ്പനികളിലേക്ക് ദിവസേന തടികൾ കയറ്റി നിരവധി വലിയ ലോറികളും ഇതുവഴി കടന്നുപോകുന്നുണ്ട്.

നിരവധി സ്കൂൾ ബസുകളും കടന്നു പോകുന്ന ഈ റോഡ് തകർന്ന് കിടക്കുവാൻ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും അധികൃതർക്ക് ഒരു കുലുക്കവുമില്ല.

പായിപ്ര കവലയിൽ നിന്ന് തുടങ്ങി ചെറുവട്ടൂർ വരെയുള്ള റോഡിന്റെ ദൂരം അ‌ഞ്ച് കിലോമീറ്റർ

ഇതിൽ മൂന്നര കിലോമീറ്റർ മൂവാറ്റുപുഴ പി.ഡബ്ല്യു.ഡിയുടെ കീഴിലാണ്.

ബാക്കിഭാഗം കോതമംഗലം പി.ഡബ്ല്യു.ഡിയുടെ കീഴിലും.

തകർന്നുകിടക്കുന്നത് മൂവാറ്റുപുഴ ഭാഗത്തെ റോഡ്.

ഏനാലികുന്നിൽ മാത്രമല്ല എസ്റ്റേറ്റ് പടിയിലും ഷാപ്പുംപടിയിലും സമഷ്ടിപടിയിലും റോഡിന്റെ അവസ്ഥ അതിശോചനീയം.

 ഏനാലിക്കുന്ന് ഭാഗത്തെ റോഡ് തകർച്ച വിവരിക്കാനാകാത്തതാണ്.

തകർച്ചയുടെ കാരണം കണ്ടെത്തിയശേഷം റോഡ് നവീകരിച്ചാൽ മാത്രമെ റോഡ് സുരക്ഷിതമാക്കുവാൻ കഴിയുവെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ആദ്യമായി റോഡിലൂടെ വരുന്ന ഡ്രൈവർക്ക് കുഴികൾ അടുത്തുവരുമ്പോൾ മാത്രമെ കാണാനാകൂ എന്നത് അപകട സാദ്ധ്യത കൂട്ടുന്നു. റോഡിന് ആവശ്യമായ വീതി ഇല്ലെന്നതും അപകടം വർദ്ധിക്കുന്നതിന് കാരണമാകുന്നു.

കുഴികൾ അടച്ച് വാഹനയാത്ര സുഗമമാക്കിയ ശേഷം വിദഗ്ദ്ധ പരിശോധന നടത്തി റോഡ് നവീകരണത്തിന് പദ്ധതി തയ്യാറാക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകണം

എം.ആർ. ബിനു

പൊതുപ്രവർത്തകൻ