പ്രതിഷേധം അവസാനിച്ചു

ചോറ്റാനിക്കര: കൊച്ചി റിഫൈനറിയിലെ കേബിൾ കത്തിയതിനെ തുടർന്ന് ചോറ്റാനിക്കര ക്ഷേത്രത്തിന് മുന്നിലെ ഇന്ദ്രപ്രസ്ഥ ടൂറി​സ്റ്റ് ഹോമി​ലേക്ക് മാറ്റിയ അമ്പലമേട് അയ്യൻകുഴി സ്വദേശികളുടെ പ്രതിഷേധം ഒത്തുതീർപ്പായി. പുകശല്യം മൂലമാണ് ജൂലായ് 8ന് കുടുംബങ്ങളെ ഇവിടേക്ക് മാറ്റി പാർപ്പിച്ചത്. ബുധനാഴ്ച ഇവർ പുറത്തുപോയ സമയം 21 മുറികൾ ടൂറി​സ്റ്റ് ഹോം ഉടമ താഴിട്ട് പൂട്ടിയതിനെ തുടർന്നുള്ള തർക്കം ഇന്നലെ കളക്ടർ വിളിച്ച യോഗത്തിലാണ് ഒത്തുതീർപ്പായത്.

45കുടുംബങ്ങളാണ് ടൂറിസ്റ്റ് ഹോമിൽ താമസിച്ചിരുന്നത്. ധാരണപ്രകാരം ബാക്കിയുളളവർ ഇന്നുതന്നെ മുറികൾ ഒഴിഞ്ഞ് വീടുകളിലേക്ക് മടങ്ങും. ഒരു മാസത്തെ വാടക പഞ്ചായത്ത് മുഖേന റിഫൈനറി നൽകും. ഇവരുടെ സ്ഥലവും വീടും ഏറ്റെടുക്കുന്ന കാര്യത്തിൽ ചർച്ചകൾ നടത്താനും യോഗത്തിൽ തീരുമാനിച്ചു.

സബ് കളക്ടറുടെ നിർദ്ദേശപ്രകാരമാണ് അയ്യൻകുഴി നിവാസികൾക്ക് ഒരാഴ്ചത്തേക്ക് മുറികൾ നൽകിയത്. ബിസിനസ് വളരെ മോശമായതിനാണ് ഒഴിപ്പിക്കാൻ ശ്രമിച്ചതെന്ന് ഇന്ദ്രപ്രസ്ഥ ടൂറി​സ്റ്റ് ഹോം ഉടമ ഹുസൈൻകുട്ടി പറഞ്ഞു.