തൃപ്പൂണിത്തുറ: എസ്.എൻ. ജംഗ്ഷനിലെ മെട്രോ നടപ്പാതകൾ കാൽനടയാത്രക്കാർക്ക് അപകടക്കെണിയായി. മെട്രോ നിർമ്മാണത്തിന്റെ ഭാഗമായി കെ.എം.ആർ.എല്ലാണ് റോഡ് നിർമ്മിച്ചത്. പലയിടങ്ങളിലും നടപ്പാതകൾ ഇടിഞ്ഞുതാഴ്ന്നും ടൈലുകൾ തകർന്നതും കുഴികൾ രൂപപ്പെട്ടതും കാരണം നിരവധി പേർക്ക് അപകടം സംഭവിക്കുന്നു. കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് ദിവസേന ഈ വഴിയിലൂടെ യാത്ര ചെയ്യുന്നത്.

അപകടങ്ങൾ പതിവ്
മെട്രോ യാത്രക്കാർ, ജീവനക്കാർ, സമീപത്തെ സ്‌കൂളിലെ വിദ്യാർത്ഥികൾ അടക്കമുള്ളവർ ഈ നടപ്പാതയെ ആശ്രയിക്കുന്നുണ്ട്. മെട്രോയുടെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നിർമ്മിച്ച നടപ്പാതകൾ പലയിടത്തും തകർന്ന് വഴി നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. ഓടയുടെ സ്ലാബുകൾ തകർന്ന ഭാഗങ്ങളിൽ ട്രാഫിക് പൊലീസ് ഗാർഡുകൾ വച്ച് കച്ചവടക്കാർ താത്കാലിക സുരക്ഷയൊരുക്കിയിട്ടുണ്ട്. എന്നാൽ, ഓട വൃത്തിയാക്കാത്തതിനാൽ ദുർഗന്ധവും രൂക്ഷമാണ്.

അധികൃതരുടെ അനാസ്ഥ


നടപ്പാതയിലെ കുഴികളിൽ വീണ് നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. അപകടം ഒഴിവാക്കാൻ പലരും റോഡിലൂടെ വാഹനങ്ങൾക്കിടയിലൂടെയാണ് യാത്ര ചെയ്യുന്നത്, ഇത് കൂടുതൽ അപകടങ്ങൾക്ക് കാരണമാകുന്നു. കോടിക്കണക്കിന് രൂപ മുടക്കി നടപ്പാത നവീകരിച്ചിട്ടും ജനങ്ങൾക്ക് യാത്രാ സുരക്ഷ ഉറപ്പാക്കുന്നതിൽ അധികൃതരും ജനപ്രതിനിധികളും പരാജയപ്പെട്ടുവെന്ന് നാട്ടുകാർ പറയുന്നു.