vrichiko
വൃശ്ചികോത്സവം

കൊച്ചി: തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന്റെ ഭാഗമായ ചടങ്ങുകളിലും കലാപരിപാടികളിലും കടുത്ത ജാതിവിവേചനം. ഇത് ഉറപ്പുവരുത്തുന്നതിന് ചെണ്ടമേളത്തിനുൾപ്പെടെ ക്വട്ടേഷനുകൾ ഒഴിവാക്കി വളഞ്ഞവഴിയിലൂടെ കലാകാരന്മാരെയും ചടങ്ങുകൾ നിർവഹിക്കുന്നവരെയും നിശ്ചയിക്കാനുള്ള നീക്കങ്ങളിലാണ് ഉപദേശകസമിതിയിലെ ഒരുവിഭാഗവും പ്രധാനപ്പെട്ട ദേവസ്വം ഉദ്യോഗസ്ഥരും. ദേവസ്വം ഉന്നതരുടെ ഒത്താശയോടെയാണ് കാലങ്ങളായി ഈ സമ്പ്രദായം തുടരുന്നത്.

ജാതിവിവേചനങ്ങളുടെ പേരിൽ പണ്ടേ കുപ്രസിദ്ധമാണ് പൂർണത്രയീശ ക്ഷേത്രം. അവർണ പൂജാരിമാരെയും കഴകക്കാരെയും അടുപ്പിക്കാറില്ല. ക്ഷേത്രനമസ്കാരമണ്ഡപത്തിൽ ബ്രാഹ്മണർക്കേ അനുവാദമുള്ളൂ. പരാതികൾ വന്നശേഷം ഇപ്പോൾ ആരെയും പ്രവേശിപ്പിക്കുന്നില്ല.

• ആനപ്പുറമേറാൻ പൂണൂൽ നിർബന്ധം

വൃശ്ചികോത്സവത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ പുറത്തേറുന്നവരെല്ലാം ബ്രാഹ്മണമാരകണം. ശാന്തിക്കാരൻ മുതൽ കോലവും കുടയും വെഞ്ചാമരവും ആലവട്ടവും പിടിക്കുന്നവർ ഇവരാകണമെന്ന് നിർബന്ധമാണ്. ബ്രാഹ്മണക്ഷാമമുണ്ടായാൽ കരാറുകാരൻ മറ്റുള്ളവരെ പൂണൂൽ ധരിപ്പിച്ച് കയറ്റി കമ്മിറ്റിക്കാരെ പറ്റിക്കും.

• ചെണ്ടയിൽ ജാതിമേളം

ചെണ്ടമേളത്തിന് പ്രമാണിമാരായി മാരാർ സമുദായത്തിൽപ്പെട്ടവർക്കാണ് മുൻഗണന. ഒപ്പമുള്ള പ്രധാനികളും ഇവരാണ്. അവർണൻ മേളപ്രമാണിയായ ചരിത്രമില്ല. കഴിഞ്ഞ ഉത്സവത്തിന് ആദ്യമായി എട്ടുദിവസവും എട്ടുപ്രമാണിമാരുടെ മേളമായതിനാൽ അവർണരായ കുറേപ്പേർക്ക് ഒപ്പംചേരാൻ അവസരംകിട്ടി. അത് ആവർത്തിക്കാതിരിക്കാൻ ഇക്കുറി പ്രമുഖമേളപ്രമാണിക്ക് മാത്രമായി കരാർ നൽകാനുള്ള നീക്കങ്ങൾ ദ്രുതഗതിയിലാണ്. ക്ഷേത്രത്തിൽ ചേരേണ്ട മേളക്കമ്മിറ്റിയുടെ യോഗം ഇതേച്ചൊല്ലി തർക്കമുണ്ടായതിനെ തുടർന്ന് കഴിഞ്ഞദിവസം ചേർന്നത് പ്രാദേശിക രാഷ്ട്രീയനേതാവിന്റെ വീട്ടിലാണ്. മേളത്തിനുമാത്രം ചെലവ് 18 ലക്ഷത്തോളം രൂപയാണ്.

• ഉ‌ൗട്ടുപുരയിൽ ബ്രാഹ്മണർ മാത്രം

പൂജാരിമാർ ഉൾപ്പടെയുള്ള ക്ഷേത്രജീവനക്കാർക്കു വേണ്ടിമാത്രം ബ്രാഹ്മണ അടുക്കളയുണ്ട്. അന്നദാനത്തിനും മറ്റുമായി ഉപയോഗിക്കുന്ന ഉ‌ൗട്ടുപുരയിലെ കുശിനിയിൽ പ്രധാനചുമതലക്കാരെല്ലാം ഏതാനും മാസംമുമ്പുവരെ ബ്രാഹ്മണരായി​രുന്നു. ഇപ്പോൾ പിന്നാക്കസമുദായാംഗത്തിനാണ് ദേഹണ്ഡചുമതല. ഇക്കാര്യം അധികമാർക്കും അറിയില്ല.

• വേദികൾ തറവാടികൾക്ക് മാത്രം

പരമ്പരാഗതമായ കലാപരിപാടികൾക്ക് പ്രസിദ്ധമായ വൃശ്ചികോത്സവത്തിന് പരിപാടികൾ അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നത് സവർണരായ കലാകാരന്മാർക്ക് മാത്രമാണ്. കഥകളിക്കും ചാക്യാർകൂത്തിനും തുടങ്ങി​ നാടൻ കലാപരിപാടികൾക്കുവരെ അയിത്തമുണ്ട്.

• കേരളത്തിന് മാനക്കേട്

നഗ്നമായ ജാതിവിവേചനം നിലനിൽക്കുന്നയിടമാണ് പൂർണത്രയീശ ക്ഷേത്രം. കേരളത്തിന്റെ നവോത്ഥാനമൂല്യങ്ങൾക്ക് അപമാനമാണ് ഇവിടത്തെ സമ്പ്രദായങ്ങൾ. കൊച്ചിൻ ദേവസ്വം ബോർഡും സർക്കാരും ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണം.

എം.ഡി.അഭിലാഷ്,

കൺവീനർ, എസ്.എൻ.ഡി.പി യോഗം

കണയന്നൂർ യൂണിയൻ