കൊച്ചി: ചെല്ലാനം പഞ്ചായത്തിലെ മറുവക്കാട് പാടശേഖരത്തിൽ ഇത്തവണ പൊക്കാളി കൃഷി മുടങ്ങി. പാടശേഖരസമിതിയുടെ നിഷേധാത്മക നിലപാടുകളാണ് ഇതിന് കാരണമെന്ന് പരമ്പരാഗത നെൽകർഷകർ ആരോപിക്കുന്നു. മത്സ്യലോബികൾക്ക് അനുകൂലമായ നിലപാടുകളാണ് സമിതി സ്വീകരിക്കുന്നത്. സാധാരണയായി കാലവർഷാരംഭത്തോടെ നെൽകൃഷിക്കുള്ള ഒരുക്കങ്ങൾ തുടങ്ങാറുണ്ട്. എന്നാൽ, ഈ വർഷം സെപ്തംബർ ആയിട്ടും പാടത്തെ ഉപ്പുവെള്ളം വറ്റിക്കാനായില്ല. ഇതാണ് കൃഷി മുടങ്ങാൻ കാരണം.
കാർഷിക കലണ്ടർ അനുസരിച്ച് ഏപ്രിൽ 15 മുതൽ നവംബർ 15 വരെ നെൽകൃഷിയും, നവംബർ 16 മുതൽ ഏപ്രിൽ 14 വരെ മത്സ്യകൃഷിയുമാണ് പൊക്കാളിപ്പാടങ്ങളിൽ ചെയ്യേണ്ടത്. നെൽകൃഷിക്ക് ശുദ്ധജലവും മത്സ്യകൃഷിക്ക് ഉപ്പുവെള്ളവുമാണ് ആവശ്യം. കൃഷിക്കുവേണ്ടി സ്ഥാപിച്ച 50 എച്ച്.പി.യുടെ മൂന്ന് മോട്ടോർ പമ്പുകൾ ഉപയോഗിച്ച് പാടത്തെ ഉപ്പുവെള്ളം വറ്റിക്കണം. ഇതിന് സൗജന്യ വൈദ്യുതിയും പമ്പ് ഓപ്പറേറ്ററുടെ ശമ്പളവും കൃഷിവകുപ്പ് നൽകുന്നുണ്ട്. എന്നാൽ, ഈ പമ്പ് ഹൗസുകളുടെ നിയന്ത്രണം കൈവശം വെച്ചിരിക്കുന്ന പാടശേഖരസമിതി കൃത്യസമയത്ത് വെള്ളം വറ്റിച്ചു നൽകുന്നില്ലെന്ന് കർഷകർ പറയുന്നു.
കർഷകരും സമിതിയും തമ്മിലുള്ള തർക്കം
പാടശേഖരസമിതിയുടെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് നെൽകർഷകർ രംഗത്തുവന്നപ്പോൾ, കൃഷിവകുപ്പ് പമ്പ് ഹൗസുകളുടെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. എന്നാൽ, സമിതി വക്കീൽ നോട്ടീസ് അയച്ചതോടെ കൃഷി ഓഫീസർ വിഷയത്തിൽ നിന്ന് പിന്മാറി. ഇതോടെ ഈ വർഷത്തെ പൊക്കാളികൃഷി അനിശ്ചിതത്വത്തിലായി.
7 മാസം നെൽകൃഷി നടത്തിയാൽ മാത്രമേ 5 മാസം മത്സ്യകൃഷിക്ക് അനുമതി നൽകാവൂ എന്ന വ്യവസ്ഥ നിലവിലുണ്ട്. എന്നാൽ, നെൽക്കൃഷി നഷ്ടമാണെന്ന് പ്രചരിപ്പിച്ച് പാടശേഖരസമിതിയും മത്സ്യലോബിയും ചേർന്ന് ഒത്തുകളിക്കുകയാണെന്ന് കർഷകർ ആരോപിക്കുന്നു.
പൊക്കാളി കൃഷി ഇല്ലാതായാൽ മറുവക്കാടിന് വൻ പാരിസ്ഥിതിക വിപത്ത് നേരിടേണ്ടിവരും. നെൽകൃഷിചെയ്യുന്ന ഏഴ് മാസംകൊണ്ട് ഒരേക്കർ ഭൂമിയിൽ 3ലക്ഷം ലിറ്റർ എന്ന കണക്കിൽ ശുദ്ധജലം ഭൂഗർഭത്തിൽ സംഭരിക്കപ്പെടുന്നുണ്ട്. ഇതിനുപകരം പൂർണമായും മത്സ്യകൃഷിയിലേക്ക് മാറിയാൽ ഉപ്പുവെള്ളത്തിന്റെ സാന്നിദ്ധ്യം മേഖലയുടെ ആവാസ വ്യവസ്ഥതന്നെ തച്ചുതകർക്കും
ഫ്രാൻസിസ് കളത്തുങ്കൽ
പൊക്കാളി കർഷകൻ.
മുന്നൊരുക്കങ്ങൾ തുടങ്ങിയില്ല
1. കാർഷിക കലണ്ടർ പ്രകാരം ഏപ്രിൽ 15മുതൽ നവംബർ 15വരെ നെൽകൃഷിയും നവംബർ 16മുതൽ ഏപ്രിൽ 14വരെ മത്സ്യകൃഷിയുമാണ് നടത്തേണ്ടത്.
2. സെപ്തംബർ ആയിട്ട് വെള്ളം വറ്റിച്ച് നൽകുകയോ കൃഷിക്ക് വേണ്ട മുന്നൊരുക്കങ്ങളോ തുടങ്ങിയിട്ടില്ല.
3. ചെല്ലാനം മറുവക്കാട് 465 ഏക്കർ വിസ്തൃതി വരുന്ന പാടശേഖരത്തിലെ 261ഏക്കർ മാത്രമാണ് പൊക്കാളി കൃഷിക്ക് യോഗ്യമായ വയലുകൾ. അതിൽതന്നെ നാമമാത്രമായെ നെൽകൃഷി ചെയ്യാറുള്ളു. രാസവളവും കീടനാശിനിയുമില്ലാതെ ഉത്പാദിപ്പിക്കുന്ന പ്രകൃതിദത്ത അരിയോടുള്ള ആഭിമുഖ്യവും പൊക്കാളികൃഷി ചെയ്യുന്നതിലൂടെ പ്രകൃതിക്കുണ്ടാകുന്ന അനുകൂല ഘടകങ്ങളും പരിഗണിച്ചാണ് പരമ്പരാഗത കർഷക കുടുംബങ്ങൾ പൊക്കാളി കൃഷിയിൽ പിടിച്ചുനിൽക്കുന്നത്