കൊച്ചി: ചിറ്റൂരിൽ കുടിവെള്ള വിതരണം താറുമാറായിട്ട് ഒരുമാസം കഴിഞ്ഞിട്ടും പരിഹരിക്കാൻ നടപടിയില്ലാതെ ജല അതോറിട്ടി. ചിറ്റൂർ ഉൾപ്പെടെ ചേരാനെല്ലൂർ പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും ജല അതോറിട്ടിയുടെ കുടിവെള്ളപൈപ്പിൽ വെള്ളമെത്തുന്നില്ല. ചിറ്റൂർ ക്ഷേത്രത്തിനടുത്ത പ്രദേശമായ സാമികളത്താണ് കുടിവെള്ളവിതരണം ഏറെ താറുമാറായത്. ഇവിടെ ഏതാണ്ട് 40 കുടുംബങ്ങളാണ് അധികൃതരുടെ അനാസ്ഥയിൽ ദുരിതത്തിലായത്. 6, 8, 12 വാർഡുകളി​ലും വെള്ളം മുടങ്ങി​യ സ്ഥി​തി​യാണ്.

വാർഷിക അറ്റകുറ്റപ്പണികളുടെ ഭാഗമായി ആഗസ്റ്റ് 7ന് ജല അതോറിട്ടി പമ്പിംഗ് നിറുത്തിവച്ചിരുന്നു. അന്നുമുതലാണ് ജലവിതരണം പൂർണമായും നിലച്ചതെന്ന് നാട്ടുകാർ പറയുന്നു. ഒരു ദിവസത്തെ അറ്റകുറ്റപ്പണികൾക്കുശേഷം പമ്പിംഗ് പുനരാരംഭിച്ചെങ്കിലും ചിറ്റൂർ ഭാഗത്തെ പ്രധാന പൈപ്പിൽ വെള്ളമെത്തിയതുതന്നെ ഒരാഴ്ചയ്ക്ക് ശേഷമാണ്. വീണ്ടും ദിവസങ്ങൾ കഴിഞ്ഞാണ് ശക്തികുറഞ്ഞ നിലയിലെങ്കിലും ഉൾഭാഗ പ്രദേശങ്ങളിലെ പൈപ്പുകളിൽ വെള്ളമെത്തിയത്. എന്നാൽ ചുരുങ്ങിയ ദിവസങ്ങൾക്കുശേഷം ഇതും നിലച്ചു.

ജനരോഷം ഉയർന്നതോടെ പഞ്ചായത്ത് ഇടപെട്ട് ടാങ്കറിൽ ആഴ്ചയിൽ ഒന്നുദിവസംവീതം വെള്ളമെത്തിച്ചെങ്കിലും ഇപ്പോൾ അതും കാര്യക്ഷമമല്ല. അറ്റകുറ്റപ്പണിക്ക് പമ്പിംഗ് നിറുത്തുന്നതിനു മുമ്പുതന്നെ പല അവസരങ്ങളിലും രൂക്ഷമായ കുടിവെള്ള ക്ഷാമം ചിറ്റൂരിൽ ഉണ്ടായിട്ടുണ്ട്. ജല അതോറിട്ടി ഓഫീസ് ഉപരോധം ഉൾപ്പെടെയുള്ള പ്രതിഷേധം പലവട്ടം ഉയർന്നിരുന്നു. രണ്ടു ദിവസത്തിനകം എല്ലാം ശരിയാകുമെന്ന സ്ഥിരം പല്ലവിയല്ലാതെ കുടിവെള്ളപ്രശ്നം പരിഹരിക്കാൻ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നടപടികളൊന്നും ഉണ്ടാകുന്നില്ല.

പ്രശ്നം പമ്പിംഗ്

എല്ലാ സ്ഥലങ്ങളിലും വെള്ളം എത്തുംവിധം ശക്തിയിൽ പമ്പിംഗ് നടക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. എല്ലായിടത്തും തടസമില്ലാതെ വെള്ളം എത്തണമെങ്കിൽ 3.8 പ്രഷറിൽ പമ്പിംഗ് നടക്കണം. എന്നാൽ ഇപ്പോൾ പമ്പിംഗ് നടക്കുന്നത് 3 മുതൽ 3.4 വരെ പ്രഷറിൽ മാത്രമാണ്. കാലപ്പഴക്കവും അറ്റകുറ്റപ്പണിക്കുറവുംമൂലം ദുർബലമായ മെയിൻ പൈപ്പുകൾ പ്രഷർ കൂട്ടിയാൽ പൊട്ടിപ്പോകാനുള്ള സാദ്ധ്യതയാണ് ജലഅതോറിട്ടിയെ വലയ്ക്കുന്നത്.

പരിശോധന നടക്കുന്നു

പമ്പിംഗ് പ്രശ്നത്തിന് കാരണം വ്യക്തമായിട്ടില്ല. പരിശോധന നടന്നുവരികയാണ്. എത്രയും വേഗം പരിഹരിക്കാനാണ് ശ്രമം. എടയക്കുന്നം പുഴയോരത്ത് മുടങ്ങിയ ജലവിതരണം പുനരാരംഭിച്ചിട്ടുണ്ട്.

ജല അതോറിട്ടി കലൂർ സബ് ഡിവിഷൻ അധികൃതർ