കൊച്ചി: കൊല്ലത്തെ കാപെക്‌സിനായി കാസർകോട്ടെ കർഷകരിൽ നിന്ന് തോട്ടണ്ടി സംഭരിച്ച വ്യവസായ സ്ഥാപനത്തിനുള്ള 1.18 കോടിയുടെ കുടിശിക മൂന്ന് മാസത്തിനകം നൽകാൻ ഹൈക്കോടതിയുടെ ഉത്തരവ്. വിജിലൻസ് അന്വേഷണത്തിന്റെ പേരിൽ സർക്കാർ ഉയർത്തിയ തടസം കാരണം തുക നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ചെർക്കളയിലെ മാഷൂഖ് ട്രേഡിംഗ് കമ്പനി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ഉത്തരവ്. തടസമുന്നയിച്ച് സർക്കാർ സമർപ്പിച്ച റിപ്പോർട്ട് വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് വിലയിരുത്തി കോടതി റദ്ദാക്കി.
2019ലാണ് ഹർജിക്കാർ 452 ടൺ തോട്ടണ്ടി സംഭരിച്ച് നൽകിയത്. ഇതിന്റെ 80 ശതമാനം തുകയും കാപെക്സ് കൈമാറിയിരുന്നു. എന്നാൽ തോട്ടണ്ടി ഇടപാടുകൾ സംബന്ധിച്ച് മുഖ്യമന്ത്രി വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടെന്നു പറഞ്ഞ് ബാക്കി തുക നൽകിയില്ല. തുടർന്ന് നടന്ന ഓഡിറ്റിലും വിജിലൻസ് അന്വേഷണത്തിലും തങ്ങൾക്കെതിരെ പരാമർശമില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.
ആറാഴ്ചയ്‌ക്കകം തീരുമാനമെടുക്കാൻ നേരത്തേ കോടതി നിർദ്ദേശിച്ചെങ്കിലും തടസമുന്നയിച്ച് സർക്കാർ റിപ്പോർട്ട് നൽകുകയായിരുന്നു. കേരളത്തിന് പറത്തുനിന്ന് തോട്ടണ്ടി സംഭരിച്ചിട്ടുണ്ടെന്നും ഇത് കരാർ ലംഘനമാണെന്നും കാപക്സിന് നഷ്ടമുണ്ടായെന്നുമാണ് സർക്കാർ വാദിച്ചത്. എന്നാലിത് അനുമാനങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് കോടതി വിലയിരുത്തി.