school
പേഴയ്ക്കാപ്പിള്ളി ഗവ.സ്കൂളിന് മുന്നിലുള്ള ചെണ്ടുമല്ലിപ്പാടം പഠന പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ സന്ദർശിച്ചപ്പോൾ

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലെ പൂപ്പാടത്ത് ചെണ്ടുമല്ലിപ്പൂക്കൾ വിരിഞ്ഞപ്പോൾ പൂക്കളെ കണ്ടറിയുന്നതിനും പഠിക്കുന്നതിനുമായി സ്കൂളിലെ കുട്ടികൾ അദ്ധ്യാപകരോടൊപ്പം ഒത്തുചേർന്നു. പലതരം ചെണ്ടുമല്ലിപ്പൂക്കളെ കുറിച്ച് അദ്ധ്യാപികയായ ജ്യോതി കെ. ഭാസ്കർ കുട്ടികളുമായി സംവദിച്ചു. മൂവാറ്റുപുഴ കാർഷിക സഹകരണ ബാങ്കിന്റെ സഹായത്തോടെ 30 സെന്റ് സ്ഥലത്താണ് ചെണ്ടുമല്ലി കൃഷി ചെയ്തത്. മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള ആയിരത്തി അഞ്ഞൂറോളം ചെണ്ടുമല്ലി തൈകളാണ് ഇവിടെ കൃഷി ചെയ്തത്. സ്കൂളിലെ പരിസ്ഥിതി ക്ലബും എസ്.പി.സി കുട്ടികളും കളപറിക്കുന്നതിനും മറ്റും സഹായികളായി ഉണ്ടായിരുന്നു. ചെണ്ടുമല്ലിപ്പൂക്കൾ കാണാൻ ധാരാളം ആളുകളാണ് ഇവിടേക്ക് ദിനംപ്രതി എത്തിക്കൊണ്ടിരിക്കുന്നത്. ഓണക്കാലത്തെ ആവശ്യകത പരിഗണിച്ചാണ് കൃഷി ചെയ്തതെങ്കിലും കുട്ടികളും വഴിയാത്രക്കാരും ഇപ്പോഴും കൗതുകത്തോടെ പൂക്കളെ നോക്കിക്കാണുന്നത് സന്തോഷം നൽകുന്നുവെന്ന് കൃഷിക്ക് നേതൃത്വം നൽകിയ സ്കൂൾ പി.ടി.എ അംഗങ്ങളായ കെ.പി. മുഹമ്മദലി, ഫൈസൽ മുണ്ടക്കാമറ്റം, പഞ്ചായത്ത് അംഗം സാജിത മുഹമ്മദലി എന്നിവർ പറഞ്ഞു. ഹെഡ്മിസ്ട്രസ് എ. സഫീന, അദ്ധ്യാപകരായ പി.എം. റഹ്മത്ത്, കെ.എം. നൗഫൽ, എം.എം. ഷബ്ന, പി.ആർ. അനുമോൾ എന്നിവർ കുട്ടികൾക്കൊപ്പമുണ്ടായിരുന്നു.