കൊച്ചി: രണ്ട് വർഷത്തിനുള്ളിൽ 100 ശസ്ത്രക്രിയകൾ എന്ന ചരിത്രനേട്ടം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലെ ബോൺ ആൻഡ് സോഫ്‌റ്റ് ടിഷ്യു കാൻസർ ക്ലിനിക്ക് കൈവരിച്ചു. അസ്ഥികളെയും സോഫ്‌റ്റ് ടിഷ്യുകളെയും ബാധിക്കുന്ന അപൂർവവും സങ്കീർണവുമായ ക്യാൻസറുകളുടെ ചികിത്സയിൽ നാഴികക്കല്ലാണ് നേട്ടമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
അസ്ഥി ക്യാൻസർ ചികിത്സയ്ക്ക് ഇത്രയും ചുരുങ്ങിയ കാലയളവിൽ ഇത്രയധികം വിജയകരമായ ശസ്ത്രക്രിയകൾ നടത്തിയ ചുരുക്കം ആശുപത്രികളിൽ ഒന്നാണ് വി.പി.എസ് ലേക്‌ഷോറെന്ന് മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള, ഓർത്തോപീഡിക്‌സ് മേധാവി ഡോ. ജേക്കബ് വർഗീസ്, ക്ലിനിക്കിന് നേതൃത്വം നൽകുന്ന കൺസൾട്ടന്റ് ഓർത്തോപീഡിക് ഓങ്കോളജിസ്റ്റ് ഡോ. എബിൻ റഹ്മാൻ, സി.ഇ.ഒ ജയേഷ് വി. നായർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രണ്ടു മുതൽ 83 വയസ് വരെയുള്ളവർക്ക് ശസ്ത്രക്രിയ നടത്തി. ഇതിൽ 70 ശതമാനം 20 വയസിൽ താഴെയുള്ളവരാണ്. കുട്ടികളും കൗമാരക്കാരുമാണ് കൂടുതൽ രോഗബാധിതരെന്ന് ഡോ. എബിൻ റഹ്മാൻ പറഞ്ഞു. സ്ഥിരമായ വേദനയെ വളർച്ചയുടെ ഭാഗമായ വേദനയെന്ന് കരുതി രക്ഷിതാക്കൾ തള്ളിക്കളയാറുണ്ട്. ഇത് രോഗനിർണയം വൈകിപ്പിക്കുന്നു. രൂക്ഷമായ വേദന, വീക്കം, മുഴ എന്നിവ കണ്ടാൽ പരിശോധിക്കണം.
ക്യാൻസർ ബാധിച്ച അസ്ഥി ശരീരത്തിന് പുറത്തെടുത്ത് റേഡിയേഷൻ ഉപയോഗിച്ച് അണുവിമുക്തമാക്കി വീണ്ടും സ്ഥാപിക്കാൻ കഴിയും. അസ്ഥി നിലനിറുത്താനും ചലനശേഷി വീണ്ടെടുക്കാനും അവയവം നഷ്ടപ്പെടുന്നതിന്റെ ആഘാതമില്ലാതെ ജീവിക്കാനും ഇതിലൂടെ കഴിയും. ഓർത്തോപീഡിക് ഓങ്കോളജിയിൽ ലേക്‌ഷോറിന്റെ വൈഗ്ദ്ധ്യത്തിന് തെളിവാണിതെന്ന് എസ്.കെ. അബ്ദുള്ള പറഞ്ഞു.