അങ്കമാലി: തുറവൂർ പഞ്ചായത്തിലെ പുല്ലാനിയിൽ പ്രവർത്തിക്കുന്ന ആശ്വാസ് പാലിയേറ്റീവ് കെയർ യൂണിറ്റ് പത്താം വാർഷത്തിലേക്ക് കടക്കുന്നു. നാളെ ആശ്വാസ് പാലിയേറ്റീവിന്റെ പത്താം വാർഷികാഘോഷം നടക്കും. ജനങ്ങളിൽ നിന്ന് സ്വരൂപിച്ച ചെറിയ തുകകൾ ഉപയോഗിച്ച് പത്ത് വർഷം മുമ്പ് പ്രവർത്തനം ആരംഭിച്ച ആശ്വാസ് പാലിയേറ്റീവ് യൂണിറ്റ് രണ്ടായിരത്തോളം പേർക്ക് ആവശ്യമായ ഉപകരണങ്ങളും വൈദ്യസഹായവും സാന്ത്വനചികിത്സയും ഈ കാലയളവിൽ ലഭ്യമാക്കിയിട്ടുണ്ട്. ജില്ലയിലെ പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ മുൻപന്തിയിലാണ് ആശ്വാസ് പാലിയേറ്റീവ് കെയർ യൂണിറ്റ്. നാളെ മഞ്ഞപ്ര സെന്റ് ജോർജ് യാക്കോബായ പള്ളി പാരിഷ് ഹാളിൽ നടക്കുന്ന വാർഷികാഘോഷങ്ങൾ ഡോ. മാത്യൂസ് മാർ അന്തിമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഡോ. ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത ഉപകരണങ്ങൾ ഏറ്റുവാങ്ങും. അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സുനിൽ ജെ. ഇളന്തട്ട് മുഖ്യപ്രഭാഷണം നടത്തും. പി.വി. ജോയ് സെക്രട്ടറിയും റോബിൻസൺ ജോസ് പ്രസിഡന്റുമായ കമ്മിറ്റിയാണ് ആശ്വാസിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.