road
പിണ്ടിമന മുത്തംകുഴിക്കടുത്ത് കാട് മുടിയ കനാൽ ബണ്ട് റോഡ്

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലൂടെ കടന്നുപോകുന്ന പെരിയാർവാലി കനാൽ ബണ്ട് റോഡുകളുടെ ഇരുവശവും കാട് മൂടി അപകടാവസ്ഥയിൽ. ചെങ്കരക്കും മുത്തംകുഴിക്കും ഇടയിലാണ് പ്രധാനമായും കാട് മൂടിയിട്ടുള്ളത്. ഇത് യാത്രക്കാർക്കും വാഹനങ്ങൾക്കും അപകട ഭീഷണി ഉയർത്തുന്നു. വലിയ വീതിയില്ലാത്ത റോഡുകളാണിത്. കനാൽ ബണ്ടിന്റെ ഒരു വശത്ത് കനാലും മറുഭാഗത്ത് ആഴമുള്ള ഭാഗവുമാണ്. നിരവധി വാഹനങ്ങൾ ഇതിലൂടെ കടന്നുപോകുന്നുണ്ട്. പുൽച്ചെടികളും കുറ്റിക്കാടുകളുമാണ് ഒരാൾപൊക്കത്തിൽ വളർന്നിരിക്കുന്നത്. ഇക്കൂട്ടത്തിൽ ഉയരമുള്ള മരങ്ങളുമുണ്ട്.

എതിരെ വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്തതും റോഡിന്റെ വീതി കൃത്യമായി മനസിലാക്കാൻ കഴിയാത്തതുമാണ് ഡ്രൈവർമാർ നേരിടുന്ന പ്രശ്‌നങ്ങൾ. കാറുകൾ ഉൾപ്പടെയുള്ള നാലുചക്ര വാഹനങ്ങൾക്കും ഇരുചക്രവാഹനങ്ങൾക്കും ഒരേപോലെ ഈ പ്രശ്‌നം നേരിടേണ്ടിവരുന്നുണ്ട്. കുറ്റിച്ചെടികളുടെ ചില്ലകൾ കൊള്ളുന്നതുമൂലം വാഹനങ്ങളുടെ പെയിന്റ് പോകുന്നതും പതിവാണ്.

മഴ പെയ്യുമ്പോൾ മഴവെള്ളംവീണ് റോഡിലേക്ക് താണുകിടക്കുന്ന പുൽച്ചെടികൾ കാൽനടക്കാർക്കും ഇരുചക്രവാഹനയാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കും. പെരിയാർവാലിയാണ് ഈ കാടുകൾ വെട്ടിമാറ്റേണ്ടത്. മുമ്പ് ഗ്രാമപഞ്ചായത്തും പ്രവൃത്തി ചെയ്യിച്ചിട്ടുണ്ട്. എന്നാൽ ഇത്തവണ ഇതുവരെയും ഒരു നടപടിയുമുണ്ടായിട്ടില്ല. വലിയ അപകടങ്ങൾ ഉണ്ടാകുന്നതിന് മുമ്പേ കാട് വെട്ടിമാറ്റണമെന്ന ആവശ്യം ശക്തമാണ്.