ആലുവ: അദ്വൈതാശ്രമത്തോടും ഗുരുദേവ പ്രസ്ഥാനങ്ങളോടും നഗരസഭ കുറേക്കാലമായി ശത്രുതാമനോഭാവത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ആരോപിച്ചു.
ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷത്തിന്റെ ഭാഗമായി അദ്വൈതാശ്രമം കോമ്പൗണ്ടിൽ സ്ഥാപിച്ചിരുന്ന പീതപതാകകളും ബോർഡുകളും നഗരസഭ നശിപ്പിച്ചതിനെതിരെ നടന്ന പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി.
ആലുവ എസ്.എൻ.ഡി.പി സ്കൂളിൽ ശ്രീനാരായണഗുരുവിന്റെ മേൽനോട്ടത്തിൽ നിർമ്മിച്ച കെട്ടിടം പൊളിച്ചുമാറ്റണമെന്ന് കുറേക്കാലമായി നഗരസഭ ആവശ്യപ്പെടുന്നു. അദ്വൈതാശ്രമം കരംതീർക്കുന്ന ഭൂമിയിൽ നഗരസഭയുടെ ബോർഡ് സ്ഥാപിക്കാനും നീക്കമുണ്ടായി. ഇതെല്ലാം അദ്വൈതാശ്രമത്തോടും ശ്രീനാരായണീയ പ്രസ്ഥാനങ്ങളോടും നഗരസഭ പുലർത്തുന്ന മനോഭാവത്തിന് തെളിവാണ്.
പീതപതാകയെന്നാൽ കേവലം ഒരു തുണിക്കഷണമല്ല, ഗുരുദേവൻ കൽപ്പിച്ച് അനുവദിച്ച് തന്നതാണ്. ഗുരുവിന്റെ വിശ്വമാനവികതയാണ് പ്രതീകവത്കരിക്കുന്നത്. അത്തരം കൊടിയാണ് വളരെ നിന്ദ്യമായ രീതിയിൽ നഗരസഭ പിഴുതെടുത്ത് കുപ്പത്തൊട്ടിയിലിട്ടത്. ഇത് ശ്രീനാരായണീയർക്ക് മനോവേദനയുണ്ടാക്കുന്നതാണ്. കുറേക്കാലമായി നഗരസഭ തുടരുന്ന ഗുരുനിന്ദ അവസാനിപ്പിക്കണം. പക്ഷപാതപരമായ നിലപാട് ആവർത്തിച്ചാൽ സമരത്തിന്റെ രൂപവുംഭാവവും മാറും.
ഗുരുദേവൻ അദ്വൈതാശ്രമത്തിൽ വിളിച്ചുചേർത്ത സർവമത സമ്മേളനത്തിലൂടെയാണ് ആലുവ ലോകപ്രശസ്തമായത്. വത്തിക്കാനിൽ മാർപാപ്പയുടെ സാന്നിദ്ധ്യത്തിൽ സർവമത സമ്മേളന ശതാബ്ദി നടന്നു. അത്തരത്തിൽ ലോകശ്രദ്ധനേടിയ സ്ഥാപനത്തെയാണ് നഗരസഭ അവഹേളിച്ചത്. നഗരസഭ തെറ്റ് തിരുത്താൻ തയ്യാറാകണം. പിഴുതെടുത്ത കൊടിയും ബോർഡുകളും യഥാസ്ഥാനത്ത് പുന:സ്ഥാപിച്ച് ശ്രീനാരായണീയ സമൂഹത്തോട് മാപ്പ് പറയണമെന്നും സ്വാമി ആവശ്യപ്പെട്ടു.