മൂവാറ്റുപുഴ: വിദഗ്ദ്ധ പരിശോധനകൾക്കും അന്തിമ റിപ്പോർട്ടിനും ശേഷം കച്ചേരിത്താഴത്ത് രൂപം കൊണ്ട ഗർത്തം മുടുന്നതിന് ഇന്നലെ തിരുവനന്തപുരത്ത് ചേർന്ന കിഫ്‌ബിയുടെ ഉന്നത അധികാരയോഗം തീരുമാനിച്ചതായി മാത്യു കുഴൽനാടൻ എം.എൽ.എ അറിയിച്ചു. ഗർത്തം മൂടുന്നതിനു മുമ്പായി ഗർത്തം ഉണ്ടാകുന്നതിന് കാരണമായി കണ്ടെത്തിയ ബലക്ഷയം സംഭവിച്ച പഴയ ഡ്രൈനേജ് പൂർണമായും അടച്ചുപൂട്ടാനും തീരുമാനമായി. എൻ.സി.ഇ.എസ്.എസ് സംഘത്തിന്റെ പരിശോധനയിൽ ഈ ഭാഗത്ത് രണ്ട് ഡ്രെയിനേജുകൾ കണ്ടെത്തിയിരുന്നു. നിലവിലെ റോഡ് നിരപ്പിൽ നിന്ന് ഒന്നര മീറ്റർ താഴ്ചയിൽ ആരംഭിച്ച് പുഴയിലേക്ക് എത്തുമ്പോൾ ഏഴു മീറ്റർ താഴ്ചയിലേക്ക് പതിക്കുന്നവയാണ് ഇവ. പ്രഷർ സിമന്റ് ഗ്രൗട്ട് ഉപയോഗിച്ചാണ് ഈ രണ്ട് ഡ്രെയിനേജുകളും അടയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. പഴയ ഡ്രെയിനേജുകൾ ഒഴിവാക്കുന്നതിനാൽ റോഡിന്റെ ഇരുവശത്തും പുതിയതായി നിർമ്മിച്ചിരിക്കുന്ന പ്രീ കാസ്റ്റ് ഡക്ട് വഴിയുള്ള ഡ്രെയിനേജിന്റെ തുടർച്ചയായി പുഴയിലേക്ക് പുതിയ ഡ്രെയിനേജുകളുടെ നിർമ്മാണവും ആരംഭിച്ചു. കച്ചേരിത്താഴത്ത് ഇന്ത്യൻ ബേക്കറിയുടെ മുൻവശത്തുള്ള ഡ്രെയിനേജിന്റെ ജലധാര മുനിസിപ്പാലിറ്റിയുടെ സ്ഥലത്തിലൂടെ പുഴയിലേക്ക് തിരിച്ചുവിടും. മറുഭാഗത്ത് രാജേശ്വരി ഹോട്ടലിന്റെ മുൻവശത്ത് വരെ എത്തിയിരിക്കുന്ന പുതിയ പ്രീ കാസ്റ്റ് ഡക്ട് വഴിയുള്ള ഡ്രെയിനേജിന്റെ തുടർച്ചയായി ഹ്യും പൈപ്പ് ഉപയോഗിച്ച് പുതിയ ഡ്രെയിനേജ് നിർമ്മിച്ചും പുഴയിലേക്ക് കണക്ട് ചെയ്യും. തിരുവനന്തപുരത്ത് ചേർന്ന് കിഫ്‌ബിയുടെ ഉന്നത അധികാര യോഗത്തിൽ മാത്യു കുഴൽനാടൻ എം.എൽ.എ, കിഫ്‌ബി ജനറൽ മാനേജർ പി.എ. ഷൈല, എക്സിക്യുട്ടീവ് ഡയറക്ടർ പുരുഷോത്തമൻ, പ്രൊജക്ട് മാനേജർ രാജീവൻ, കെ.ആർ.എഫ്.ബി എക്സിക്യുട്ടീവ് എൻജിനിയർ ജയരാജ് തുടങ്ങിയവർ പങ്കെടുത്തു.