കാക്കനാട്: മെട്രോറെയിലിന്റെ നിർമ്മാണം പുരോഗമിക്കുന്ന കാക്കനാട് സിവിൽലൈൻ റോഡിൽ കുഴികളുടെ എണ്ണവും വലിപ്പവും ദിനംപ്രതി കൂടി വരികയാണ്. കുഴികൾ വീഴുന്ന യാത്രക്കാരുടെ എണ്ണവും വർദ്ധിക്കുന്നു. കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ നിരവധി അപകടങ്ങളാണ് ഈ റോഡിൽ ഉണ്ടായിട്ടുള്ളത്. ചെമ്പുമുക്കിൽ നടന്ന അപകടത്തിൽ തൃക്കാക്കര സഹകരണ ആശുപത്രിയിലെ ജീവനക്കാരിയുടെ ജീവൻ പൊലിഞ്ഞു.
മെട്രോ നിർമ്മാണവുമായി ബന്ധപ്പെട്ട് റോഡിൽ ഉണ്ടാകുന്ന എല്ലാ അറ്റകുറ്റപ്പണികളും അതതു സമയങ്ങളിൽ ചെയ്യാമെന്നുള്ള ധാരണ സർക്കാരുമായി മെട്രോയ്ക്ക് ഉണ്ടെങ്കിലും മെട്രോഅധികാരികൾ പാലിക്കാറില്ല. ഇന്നലെ ചെമ്പുമുക്ക് ജംഗ്ഷനിലെ കുഴികളിൽ വീണ് നിരവധി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെട്ടു.
പി.ഡബ്ല്യു.ഡി റോഡാണെങ്കിലും റോഡിന്റെ അറ്റകുറ്റപ്പണികൾക്കുള്ള നിർമ്മാണച്ചുമതല മെട്രോ റെയിലിനാണ്. കളക്ടറേറ്റ്, തൃക്കാക്കര നഗരസഭ, ജില്ലാ പഞ്ചായത്ത് കാര്യാലയം, ഇൻഫോപാർക്ക്, സ്മാർട്ട് സിറ്റി,സെസ് ഉൾപ്പെടെയുള്ള വ്യവസായ സ്ഥാപനങ്ങൾ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാനുള്ള പ്രധാന റോഡാണിത്. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്.
മെട്രോറെയിൽ അധികാരികളുടെ അനാസ്ഥയ്ക്കെതിരെ ചെമ്പുമുക്ക് ഹരിതം റെസി. അസോസിയേഷൻ, കെ.കെ. റോഡ് റെസി. അസോസിയേഷൻ എന്നിവരുടെ നേതൃത്വത്തിൽ ചെമ്പുമുക്ക് ജംഗ്ഷനിലെ കുഴികളിൽ കഴിഞ്ഞദിവസം പൂക്കളമിട്ട് പ്രതിഷേധിച്ചിരുന്നു. പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കളക്ടർക്കും മറ്റ് അധികാരികൾക്കും പരാതി കൊടുക്കുമെന്ന് വിവിധ റെസി. അസോസിയേഷൻ ഭാരവാഹികളായ സി.എസ്. വിനോദ്, ടി.കെ. റഷീദ്, എ.ടി. ഷിബു, അനില മണി എന്നിവർ പറഞ്ഞു.
* കെണിയൊരുക്കി റോഡിലെ കുഴികൾ
* കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്
* സിവിൽലൈൻ റോഡിലെ ദുരിതം പരിഹരിക്കണം
* അശാസ്ത്രീയമായി കാനകൾക്ക് മുകളിൽ പാകിയ കോൺക്രീറ്റ് സ്ലാബുകൾ പുന:ക്രമീകരിച്ച് ഗതാഗത സൗകര്യം ഒരുക്കണം.
പാലാരിവട്ടം ബൈപ്പാസ് മുതൽ പാടിവട്ടംവരെയുള്ള റോഡുകളുടെ പണി പൂർത്തിയായി. വരും ദിവസങ്ങളിൽ ചെമ്പുമുക്ക് മുതൽ കാക്കനാട് വരെയുള്ള റോഡിന്റെ പണി തുടങ്ങും
മെട്രോറെയിൽ അധികാരികൾ